അധ്യാപകരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കരുത് – ടീച്ചേഴ്സ് ഗില്‍ഡ്

എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി വഞ്ചനാപരമാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാനതല അധ്യാപകയോഗം കുറ്റപ്പെടുത്തി. അധ്യാപകരുടെ ഹൃസ്വകാല അവധി ഒഴിവുകള്‍ (ബ്രോക്കണ്‍ സര്‍വ്വീസ്) ഇനി മുതല്‍ പെന്‍ഷന് പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റെ സാഹചര്യത്തില്‍ ഭാവിപരിപാടികളെ കുറിച്ച് ആലോചിക്കുന്നതിന്, ടീച്ചേഴ്സ് ഗില്‍ഡിന്‍റെ നേതൃത്വത്തിലായിരുന്നു അധ്യാപകയോഗം സംഘടിപ്പിക്കപ്പെട്ടത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇതുമൂലം കേരളത്തിലെ ബഹുഭൂരിപക്ഷം എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍, മാസാമാസങ്ങളില്‍ ലഭിക്കുന്ന പെന്‍ഷന്‍ എന്നിവയില്‍ ഗണ്യമായ കുറവുവരും. ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയതാണ്. ഹൈക്കോടതിവിധിയെ മറികടക്കാന്‍ കേരള സര്‍വ്വീസ് ചട്ടങ്ങളില്‍ ഭേദഗതിവരുത്താനുള്ള നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ടി. ശ്യാംകുമാര്‍ വിഷയാവതരണം നടത്തി. ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്‍റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്‍റണി, സിബി വലിയമറ്റം, ബിസോയ് ജോര്‍ജ്ജ്, വി.എക്സ്. ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org