സിറിയയില്‍ പരിശുദ്ധ മറിയത്തിന്റെ വന്‍ പ്രതിമയും കെട്ടിട സമുച്ചയവും
പരിശുദ്ധ മറിയത്തിന്റെ പേരിലുള്ള വമ്പന്‍ നിര്‍മ്മിതി സിറിയയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കിഴക്കിന്റെ വനിത എന്ന് പേരിട്ടിട്ടുള്ള ഈ സമുച്ചയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ പ്രതിമയും ഉള്‍പ്പെടുന്നു. വലിയ പ്രദക്ഷിണവും സംഗീത പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉദ്ഘാടനമാണ് അരങ്ങേറാന്‍ പോകുന്നത്. ഹോംസ് നഗരത്തിലെ ഈ കെട്ടിട സമുച്ചയം, ഒരു വിശ്വാസിക്ക് പരിശുദ്ധ മറിയത്തിലൂടെ ലഭിച്ച അനുഗ്രഹത്തിനുള്ള പ്രതിനന്ദിയായിട്ടാണ് ഉയരുന്നത്. 11 നിലകളുള്ള ഗോപുരത്തിനു മുകളിലാണ് 26 അടി ഉയരമുള്ള പരിശുദ്ധ മറിയത്തിന്റെ പ്രതിമ സ്ഥാപിക്കുക.
കോണിപ്പടികളിലൂടെയും ലിഫ്റ്റിലൂടെയും ഇവിടേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഹോംസ് നഗരത്തിന്റെ വിസ്മയകരമായ കാഴ്ച ലഭിക്കും. 300 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താവുന്ന ഒരു ബൈസന്റൈന്‍ പള്ളിയും കെട്ടിടത്തിന്റെ ഭാഗമാണ്. ഭക്തവസ്തുക്കള്‍ വില്‍ക്കുന്ന കടകളും ഹാളുകളും വിശ്രമമുറികളും ഉദ്യാനങ്ങളും ഈ സമുച്ചയത്തിലുണ്ട്.