സയിദ് പുരസ്‌കാര വിധിനിര്‍ണ്ണയ സമിതിയില്‍ കാര്‍ഡിനല്‍ മെന്തോണ്‍സെയും

സയിദ് പുരസ്‌കാര വിധിനിര്‍ണ്ണയ സമിതിയില്‍ കാര്‍ഡിനല്‍ മെന്തോണ്‍സെയും
Published on

മാനവസാഹോദര്യത്തിനായുള്ള സയിദ് പുരസ്‌കാര വിധികര്‍ത്താക്കളുടെ സമിതിയംഗമായി വത്തിക്കാന്‍ സാംസ്‌കാരിക - വിദ്യഭ്യാസ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോസേ തൊളെന്തീനൊ ദെ മെന്തോണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രാന്‍സിസ് പാപ്പ 2019 ഫെബ്രുവരിയില്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ അബുദാബിയില്‍ വച്ച് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയ്യിബുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയോടനുബന്ധിച്ചാണ് സയിദ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

മാനവസാഹോദര്യത്തിന് അതുല്യ സംഭാവനയേകുന്ന വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉള്ളതാണ് പുരസ്‌കാരം. വര്‍ഷംതോറും ഫെബ്രുവരി 4-ന് അബുദാബിയില്‍ വച്ചാണ് ഈ സമ്മാനദാനച്ചടങ്ങ് നടക്കുക.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലുള്ള താണ് സയിദ് പുരസ്‌കാരം.

ഇക്കൊല്ലം ഈ പുരസ്‌കാരം പങ്കുവച്ചിരിക്കുന്നത് ബര്‍ബദോസിന്റെ പ്രധാനമന്ത്രി മിയ മോട്ട്‌ലി, എത്യോപ്യ - അമേരിക്കന്‍ വംശജനായ പതിനഞ്ചുവയസ്സുകാരനായ ശാസ്ത്രജ്ഞന്‍ ഹെമന്‍ ബെക്കെലെ എന്നിവരും വേള്‍ഡ് സെന്റര്‍ കിച്ചെന്‍ സംഘടനയുമാണ്. 10 ലക്ഷം ഡോളറാണ് സമ്മാനത്തുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org