നവമാധ്യമങ്ങളിലൂടെ പ്രസിദ്ധനായ സുവിശേഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമായ മാര്‍ മാരി ഇമ്മാനുവേലിനു ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന കത്തിയാക്രമണത്തില്‍ പരിക്കേറ്റത് ലോകമാകെ വാര്‍ത്തയായി.
സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെ, വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. മാര്‍ മാരി ഇമ്മാനുവേലിനു ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കുത്തേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമായില്ല. വിശുദ്ധ കുര്‍ബാനയ്ക്കിടെ അക്രമി കത്തിയു മായി മുന്നോട്ട് നടന്നുനീങ്ങുകയും മാര്‍ മാരി ഇമ്മാനുവേലിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതോടെ വിശ്വാസികള്‍ ഓടിക്കൂടി. തുടര്‍ന്ന് അക്രമി ഇവര്‍ക്കുനേരേയും ആക്രമണം നടത്തുകയായിരുന്നു.
പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. രണ്ടുദിവസം മുന്‍പ് സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം നടന്നിരുന്നു. ഇതിന്റെ നടുക്കം മാറുംമുന്‍പേയാണ് സിഡ്‌നിയിലെ ക്രിസ്ത്യന്‍ പള്ളിയിലെ സമാനമായ ആക്രമണം. ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.