
ലോകത്തിലെ ഏറ്റവും പുരാതനവും അതേസമയം ചെറുതുമായ സൈനികവിഭാഗമെന്നു വിശേഷിപ്പിക്കാവുന്ന സ്വിസ് ഗാര്‍ഡിലേയ്ക്കു 36 പേര്‍ പുതുതായി ചേര്‍ന്നു. മാര്‍പാപ്പയുടെ അംഗരക്ഷകസേനയാണ് പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡ്. ഇവരുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്ത ഫ്രാന്‍സിസ് മാര്‍പാപ്പ, റോമിലായിരിക്കുന്ന സമയത്ത് ക്രൈസ്തവരെന്ന നിലയില്‍ വളരാന്‍ അവരെ ആഹ്വാനം ചെയ്തു.
സ്വിസ് പൗരത്വമുള്ള, 19 നും 30 നും ഇടയ്ക്കു പ്രായമുള്ള കത്തോലിക്കാ വിശ്വാസികളെയാണ് ഈ സേനയിലേയ്ക്കു തിരഞ്ഞെടുക്കുക. നവോത്ഥാനകാലത്തെ വര്‍ണാഭമായ യൂണിഫോം ധരിക്കുന്ന സേനയിലേയ്ക്കു നിശ്ചിത കാലത്തേക്കുമാത്രമാണ് ഓരോരുത്തര്‍ക്കും നിയമനം. 1527 ല്‍ റോം ആക്രമിക്കപ്പെട്ടപ്പോള്‍ ക്ലെമന്റ് ഏഴാമന്‍ മാര്‍പാപ്പയുടെ ജീവന്‍ രക്ഷിക്കുന്നതിനായി 147 സ്വിസ് ഗാര്‍ഡുകള്‍ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓര്‍മ്മദിനത്തിലാണ് പുതിയ സൈനികരുടെ സത്യപ്രതിജ്ഞ നടത്തുക.
ദീര്‍ഘകാലത്തിനു ശേഷം സ്വിസ് ഗാര്‍ഡുകളുടെ സൗകര്യപ്രദമായ താമസത്തിനായി 6 കോടി ഡോളര്‍ ചെലവു വരുന്ന ഒരു കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് ഒപ്പു വച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്റ് പ്രസിഡന്റ് ഇഗ്നാസിയോ കാസിസ് വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.