ഇടവകജീവിതത്തിന്റെയാകെ ഉറവിടവും മകുടവുമാകേണ്ടത് ഞായറാഴ്ചക്കുര്‍ബാനയാണെന്നു മാര്‍പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ വ്യക്തമാക്കി. കോവിഡ് പകര്‍ച്ചവ്യാധിയ്ക്കു ശേഷം ദേവാലയങ്ങളിലെ ദിവ്യബലിയര്‍പ്പണങ്ങളുടെ പുനഃസ്ഥാപനം ഇറ്റലിയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. ഇറ്റലിയിലെ കത്തോലിക്കാസഭയുടെ ആരാധനാക്രമ വാരാഘോഷത്തിനു നല്‍കിയ സന്ദേശത്തിലാണ് ഞായറാഴ്ചക്കുര്‍ബാനയുടെ പ്രാധാന്യം കാര്‍ഡിനല്‍ വിശദീകരിച്ചത്.
വിശ്വാസികളുടെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും കേന്ദ്രസ്ഥാനത്തേക്ക് ഞായറാഴ്ചയിലെ കൂട്ടായ്മയും ശുശ്രൂഷകളും ആരാധനയും മടങ്ങിവരണമെന്നും അതിനാവശ്യമായ ആരാധനാക്രമ അജപാലനം നല്‍കണമെന്നുമാണ് പാപ്പായുടെ താത്പര്യമെന്നു കാര്‍ഡിനല്‍ പറഞ്ഞു. യേശുക്രിസ്തു ഒരു ആശയമോ വികാരമോ അല്ല, മറിച്ച് ജീവിക്കുന്ന വ്യക്തിയാണ്, അവിടുത്തെ പീഢാനുഭവരഹസ്യം ഒരു ചരിത്രസംഭവമാണ്. കര്‍ത്താവിന്റെ നാമത്തിലുള്ള പ്രതിവാര കൂട്ടായ്മകളെ ക്രൈസ്തവര്‍ തുടക്കം മുതല്‍ തന്നെ തങ്ങളുടെ സ്വത്വത്തോട് അനിവാര്യമായും അഭേദ്യമായും ബന്ധപ്പെട്ടതായി കണക്കാക്കിയിരുന്നു. പകര്‍ച്ചവ്യാധിയുടെ ഗുരുതരമായ പ്രതിസന്ധി ഈ വീക്ഷണത്തെ സാരമായി ബാധിച്ചു. – കാര്‍ഡിനല്‍ വിശദീകരിച്ചു.