സെന്റ് പീറ്റേഴ്‌സ് വൈദീക സമൂഹത്തിന് ലത്തീന്‍ കുര്‍ബാനയ്ക്കു വീണ്ടും അനുവാദം

സെന്റ് പീറ്റേഴ്‌സ് വൈദീക സമൂഹത്തിന് ലത്തീന്‍ കുര്‍ബാനയ്ക്കു വീണ്ടും അനുവാദം

പരമ്പരാഗത ലത്തീന്‍ ക്രമം അനുസരിച്ചുള്ള കുര്‍ബാനയര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്‌സ് വൈദീകകൂട്ടായ്മയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും അനുമതി നല്‍കി. വൈദീകകൂട്ടായ്മയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ആന്ദ്രേ കൊമോറോവ്‌സ്‌കിയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇതറിയിച്ചത്. വൈദീക കൂട്ടായ്മയുടെ അഭ്യര്‍ത്ഥന പ്രകാരം ആയിരുന്നു കൂടിക്കാഴ്ച.

പഴയ ലത്തീന്‍ ക്രമത്തിലുള്ള കുര്‍ബാന ചൊല്ലുന്നത് കര്‍ക്കശമായി നിയന്ത്രിച്ചുകൊണ്ട് 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിട്ടിരുന്നു. 2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഈ പരമ്പരാഗതകുര്‍ബാന ചൊല്ലുന്നതിന് നല്‍കിയിരുന്ന അനുമതിയാണ് പുതിയ ഉത്തരവിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ റദ്ദാക്കിയത്. പുതിയ ഉത്തരവ് അനുസരിച്ച് ഈ കുര്‍ബാന അര്‍പ്പിക്കുന്നതിന് ഓരോ പ്രദേശത്തെയും രൂപതാ മെത്രാന്‍മാരുടെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചും തങ്ങള്‍ക്ക് ലത്തീന്‍ കുര്‍ബാന ചൊല്ലുന്നതിനുള്ള അനുമതി പഴയതുപോലെ നല്‍കണമെന്ന് ആവശ്യപ്പെട്ടും സെന്റ് പീറ്റേഴ്‌സ് വൈദീക കൂട്ടായ്മ മാര്‍പാപ്പയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ കൂട്ടായ്മയുടെ ആരാധനാക്രമ തനിമ മനസ്സിലാക്കിയതിനും അംഗീകരിച്ചതിനും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അവര്‍ നന്ദി പ്രകാശിപ്പിച്ചു.

കത്തോലിക്ക സഭയില്‍ നിന്ന് 1970-ല്‍ വിഘടിച്ച ആര്‍ച്ചുബിഷപ്പ് മാര്‍സല്‍ ലെഫേവ്‌റിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വിശുദ്ധ പത്താം പിയൂസ് സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ 1988-ല്‍ രൂപം കൊണ്ടതാണ് സെന്റ് പീറ്റേഴ്‌സ് വൈദീക കൂട്ടായ്മ. പരമ്പരാഗത ലത്തീന്‍ ക്രമത്തിലുള്ള കുര്‍ബാനയര്‍പ്പണവും കൂദാശ പരികര്‍മ്മവുമാണ് അവര്‍ തങ്ങളുടെ കാരിസമായി സ്വീകരിച്ചിരുന്നത്. 12 വൈദീകരുമായി സ്ഥാപിതമായ ഈ സമൂഹത്തില്‍ ഇപ്പോള്‍ 368 വൈദീകരും 200 ഓളം വൈദീക വിദ്യാര്‍ത്ഥികളും ഉണ്ട്. ഇതര സന്യാസസമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം യുവ വൈദികരുള്ള ഈ സമൂഹം 146 രൂപതകളില്‍ പ്രവര്‍ത്തിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org