വാടകമാതൃത്വ വിപണി നിരോധിക്കപ്പെടണം: വത്തിക്കാന്‍

വാടകമാതൃത്വ വിപണി നിരോധിക്കപ്പെടണം: വത്തിക്കാന്‍
Published on

വാടകഗര്‍ഭധാരണം സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിന്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും, അതിനാല്‍ ഇത്തരം സമ്പ്രദായങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തേണ്ടത് ഏറെ ആവശ്യമെന്നും വത്തിക്കാനിലെ അത്മായര്‍ക്കും കുടുബത്തിനും ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി ഡോ. ഗബ്രിയേല ഗംബിനോ പറഞ്ഞു. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വത്തിക്കാനെ പ്രതിനിധീകരിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളെയും കുട്ടികളെയും എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുതകുന്ന അന്താരാഷ്ട്ര ആസൂത്രണത്തിന്റെ ആവശ്യകതയാണ് സമ്മേളനം ചര്‍ച്ച ചെയ്തത്.

ആഗോളതലത്തില്‍ വ്യത്യസ്ത രാഷ്ട്രീയ, ധാര്‍മ്മിക, മത നിലപാടുകളില്‍ നിന്ന് പോലും ഈ ഒരു ആവശ്യം ഉയര്‍ന്നുവരുന്നുവെന്നും, അതിനാല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തേണ്ടതിന്റെ അടിയന്തിരാവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഗബ്രിയേല ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ഗബ്രിയേലയ്ക്കു പുറമെ ഇറ്റലിയില്‍ നിന്നുള്ള മന്ത്രി യൂജീനിയ റോസെല്ല, 2015-ല്‍ വിയന്നയില്‍ 'സ്റ്റോപ്പ് സറോഗസി' എന്ന സംരംഭത്തിന്റെ സഹസ്ഥാപകയും സ്ത്രീകളുടെ അവകാശ വീക്ഷണകോണില്‍ നിന്ന് വാടക ഗര്‍ഭധാരണ പ്രശ്‌നത്തെ വിലയിരുത്തുന്ന മൂന്ന് പുസ്തകങ്ങളുടെ രചയിതാവുമായ ഇവാ മരിയ ബച്ചിംഗര്‍, വാടക ഗര്‍ഭധാരണം സാര്‍വത്രികമായി നിര്‍ത്തലാക്കുന്നതിനുള്ള പ്രചാരണത്തിന്റെ നേതാവായ ഒലിവിയ മൗറല്‍ എന്നിവരും വാടകഗര്‍ഭധാരണത്തിനെതിരെ സംസാരിച്ചു. സ്ത്രീകളുടെ വാണിജ്യവല്‍ക്കരണവും, ചൂഷണവും; കുട്ടികളുടെ അവകാശലംഘനങ്ങളും സമ്മേളനത്തില്‍ വിലയിരുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org