വിശുദ്ധ ഐറേനിയോസ് 'ഐക്യത്തിന്റെ വേദപാരംഗതന്‍'

വിശുദ്ധ ഐറേനിയോസ് 'ഐക്യത്തിന്റെ വേദപാരംഗതന്‍'

ലിയോണിലെ വി. ഐറേനിയോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ 37-ാമതു വേദപാരംഗതനായി പ്രഖ്യാപിച്ചു. 'ഐക്യത്തിന്റെ വേദപാരംഗതന്‍' എന്ന പദവിയോടെയാണിത്. കര്‍ത്താവിന്റെ വിശ്വാസികളെ പൂര്‍ണമായ ഐക്യത്തിലേയ്ക്കു നയിക്കാന്‍ ഈ മഹാഗുരുവിന്റെ പ്രബോധനങ്ങള്‍ക്കു കഴിയട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു. പൗരസ്ത്യനാട്ടുകാരനായ വി. ഐറേനിയോസ് മെത്രാനായി സേവനം ചെയ്തത് പാശ്ചാത്യനാട്ടിലാണ്. അപ്രകാരം, പൗരസ്ത്യ, പാശ്ചാത്യ ക്രൈസ്തവര്‍ക്കിടയിലെ ആദ്ധ്യാത്മിക-ദൈവശാസ്ത്ര പാലമായി വര്‍ത്തിക്കാന്‍ വിശുദ്ധനു കഴിഞ്ഞതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മെത്രാനും എഴുത്തുകാരനുമായിരുന്ന വി. ഐറേനിയോസ് കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും ഒരുപോലെ ആദരിക്കുന്ന വിശുദ്ധനാണ്. ക്രിസ്തുവിന്റെ മനുഷ്യ, ദൈവസ്വഭാവങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജ്ഞാനവാദ പാഷണ്ഡതയെ പ്രതിരോധിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. ഇന്നത്തെ തുര്‍ക്കിയില്‍ എ ഡി 140 ല്‍ അദ്ദേഹം ജനിച്ചുവെന്നാണു കരുതപ്പെടുന്നത്. അപ്പസ്‌തോലനായ വി. യോഹന്നാനില്‍ നിന്നു നേരിട്ടു വിശ്വാസം സ്വീകരിച്ച വി. പോളികാര്‍പിന്റെ ശിഷ്യനായിരുന്നു. പുരോഹിതനായതിനു ശേഷം ഫ്രാന്‍സില്‍ സേവനത്തിനു നിയോഗിക്കപ്പെട്ടു. ലിയോണില്‍ മെത്രാനായി. 202 ല്‍ സെപ്തിമൂസ് സെവെറസ് ചക്രവര്‍ത്തിയുടെ കല്‍പനപ്രകാരം രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org