മാര്‍പാപ്പയുള്‍പ്പെടുന്ന സദസ്സിനു വിചിന്തനമേകി സിസ്റ്റര്‍ റിവ

മാര്‍പാപ്പയുള്‍പ്പെടുന്ന സദസ്സിനു വിചിന്തനമേകി സിസ്റ്റര്‍ റിവ
Published on

സഭാമാതാവിന്റെ തിരുനാള്‍ ആയിരുന്ന ജൂണ്‍ 9 ന് വത്തിക്കാനില്‍ ലിയോ മാര്‍പാപ്പ ഉള്‍പ്പെടുന്ന സദസിനു മുമ്പാകെ പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെട്ടത് സിസ്റ്റര്‍ മരിയ ഗ്ലോറിയ റിവ ആയിരുന്നു. വൈദികരോ മെത്രാന്മാരോ അല്ലാത്തവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസംഗിക്കുന്നത് അത്യപൂര്‍വമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തിനു മുമ്പേ, 2025 ലെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സുവിശേഷവല്‍ക്കരണ കാര്യാലയം നിശ്ചയിച്ചിരുന്നതാണ് സിസ്റ്ററിന്റെ പ്രഭാഷണം. ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തില്‍ ധ്യാനാത്മക സന്യാസജീവിതം നയിക്കുന്ന ദിവ്യകാരുണ്യ ആരാധന സമൂഹത്തിലെ അംഗമാണ് 66 കാരിയായ സിസ്റ്റര്‍ റിവ.

നിത്യതയാണ് നമ്മുടെ മുമ്പില്‍ ഉള്ളതെന്നും ഹ്രസ്വകാല, ഇടത്തരം ചക്രവാളങ്ങളെ മുന്നില്‍ കണ്ടാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് പാഴാണെന്നും തന്റെ ധ്യാനത്തില്‍ സിസ്റ്റര്‍ റിവ, ലിയോ മാര്‍പാപ്പ ഉള്‍പ്പെടെയുള്ളവരെ ഉദ്‌ബോധിപ്പിച്ചു.

കാര്‍ഡിനല്‍മാര്‍, മെത്രാന്മാര്‍, വത്തിക്കാന്‍ സിറ്റിയിലെയും റോമന്‍ കൂരിയായിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു സദസ്സ്.

സിസ്റ്ററിന്റെ പ്രഭാഷണത്തിനുശേഷം പോള്‍ ആറാമന്‍ ഹാളില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് സദസ്യര്‍ പ്രദക്ഷിണമായി നീങ്ങി.

കുരിശു വഹിച്ചുകൊണ്ട് ലിയോ മാര്‍പാപ്പ പ്രദക്ഷിണത്തെ നയിച്ചു. ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. സഭയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും സകല ദൗത്യങ്ങളുടെയും ഫലദായകത്വം ക്രിസ്തുവിന്റെ കുരിശിലാണെന്ന് സുവിശേഷ പ്രസംഗത്തില്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

പന്തക്കുസ്താ തിരുനാളിന്റെ പിറ്റേന്ന് പരിശുദ്ധ കന്യാമറിയത്തെ സഭാമാതാവായി ആദരിച്ചുകൊണ്ടുള്ള തിരുനാള്‍ ആഘോഷിക്കാന്‍ തുടക്കമിട്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org