

ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഈ ആഴ്ച നടക്കുന്ന ശസ്ത്രക്രിയ നവംബര്‍ മാസം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പര്യടനത്തിനു തടസ്സമായേക്കില്ലെന്നു വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നെഞ്ചില്‍ അര സെന്റി മീറ്റര്‍ മാത്രം വരുന്ന മുറിവുണ്ടാക്കിയായിരിക്കും റോബോട്ടിക് ശസ്ത്രക്രിയ. മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ യാത്രയ്ക്കു മുമ്പ് പാപ്പായ്ക്കു പൂര്‍ണസൗഖ്യം പ്രാപിക്കാനാകും. ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന കാര്യം മാര്‍പാപ്പ തന്നെയാണ് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ മധ്യാഹ്നപ്രാര്‍ഥനയ് ക്കൊടുവില്‍ ജനങ്ങളെ അറിയിച്ചത്. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിലാണ് ഈ മുഴ കണ്ടെത്തിയത്.
കൃത്യമായ തീയതിയെക്കുറിച്ചോ ശസ്ത്രക്രിയയെ ക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ പാപ്പ അറിയിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്കുശേഷം റോമിലെ ജെമെല്ലി ഹോസ്പിറ്റലില്‍ ഏകദേശം ഒരാഴ്ചയോളം മാര്‍പാപ്പ കിടത്തിചികിത്സയില്‍ കഴിയുമെന്നു വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു.
പോപ്പ് ഫ്രാന്‍സിസിന്റെ ‘അമോരിസ് ലേറ്റിഷ്യ’ എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ പത്താം വാര്‍ഷിക ത്തോടനുബന്ധിച്ച് കുടുംബത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര യോഗത്തിന്റെ സമാപന കുര്‍ബാനയുള്‍പ്പെടെയുള്ള പരിപാടികള്‍ മാർപാപ്പയുടെ ആശുപത്രിവാസത്തെ തുടര്‍ന്ന് റദ്ദാക്കേണ്ടി വരും.
നവംബര്‍ 6 മുതല്‍ 17 വരെയാണ് തെക്കേ അമേരിക്ക യിലേക്കുള്ള അദ്ദേഹത്തിന്റെ മുന്‍കൂട്ടി നിശ്ചയിച്ച യാത്ര. ദീര്‍ഘകാലം മിഷണറിയായും മെത്രാനായും സേവനം ചെയ്തിട്ടുള്ള പെറുവിലേക്കു മാര്‍പാപ്പയായശേഷം ആദ്യമായി നടത്തുന്ന സന്ദര്‍ശനമെന്ന പ്രാധാന്യം ഈ പര്യടനത്തിനുണ്ട്.