മിഷണറിമാരെ പിന്തുണയ്ക്കണമെന്ന് പാന്‍ ആഫ്രിക്കന്‍ കത്തോലിക്കാ സമ്മേളനം

മിഷണറിമാരെ പിന്തുണയ്ക്കണമെന്ന് പാന്‍ ആഫ്രിക്കന്‍ കത്തോലിക്കാ സമ്മേളനം
Published on

മിഷന്‍ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആഫ്രിക്കന്‍ മിഷണറിമാരെ പിന്തുണയ്ക്കണമെന്ന് മൂന്നാമത് പാന്‍ ആഫ്രിക്കന്‍ കാത്തലിക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഐവറി കോസ്റ്റില്‍ ആയിരുന്നു അഞ്ച് ദിവസത്തെ ഈ സമ്മേളനം. ഇമിഗ്രേഷന്‍ രംഗത്ത് നിരവധി പ്രതിസന്ധികള്‍ ആഫ്രിക്കയില്‍ നിന്നുള്ള മിഷണറിമാര്‍ക്കു നേരിടേണ്ടി വരികയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. വംശീയതയും ഗോത്രീയതയും ആഫ്രിക്കന്‍ സഭയുടെ മിഷണറി മാര്‍ഗ ത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ആഫ്രിക്കന്‍ സഭ വളര്‍ച്ചയുടെ പാതയിലാണെന്നും ആഫ്രിക്കയുടെ അകത്തും ചിലപ്പോള്‍ പുറത്തുപോലും മിഷണറിമാരെ നല്‍കാന്‍ കഴിയുന്ന രീതിയിലേക്ക് സഭ വളര്‍ന്നിട്ടുണ്ട് എന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

വിസ കാലാവധി കഴിഞ്ഞതായി ആരോപിച്ച് ആഫ്രിക്കയില്‍ നിന്നുതന്നെയുള്ള ഏതാനും വൈദികരെ ദക്ഷിണാഫ്രിക്ക ഈയിടെ നിര്‍ബന്ധപൂര്‍വം പുറത്താക്കിയിരുന്നു. ഉഗാണ്ടയില്‍ ജനിച്ചു വളര്‍ന്നവരായിരുന്നു ഈ വൈദികര്‍.

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സമ്മേളനത്തിന്റെ പ്രസ്താവനകള്‍ പുറത്തുവരുന്നത്.

ദൈവശാസ്ത്ര പരിശീലനത്തിനും കത്തോലിക്ക വിദ്യാഭ്യാസത്തിനും ആഫ്രിക്ക കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org