

ഒരു കുടിയേറ്റക്കാരനും സഭയെ സംബന്ധിച്ച് അന്യനല്ലെന്ന് അമേരിക്കയിലെയും കാനഡയിലെയും ലാറ്റിനമേരിക്കയിലെയും കത്തോലിക്കാമെത്രാന്മാര്‍ സംയുക്തമായി പ്രസ്താവിച്ചു. മൂന്നു മേഖലകളിലെയും മെത്രാന്‍ സംഘങ്ങളെ പ്രതിനിധീകരിച്ച് 11 മെത്രാന്മാരാണ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചത്.
കുടിയേറ്റത്തിനു പുറമെ തദ്ദേശീയജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍, മനുഷ്യക്കടത്ത്, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ വെല്ലുവിളികളോടെല്ലാം അനുകമ്പാ പൂര്‍വവും ഏകോപിതവും സുവിശേഷാത്മകവുമായ പ്രതികരണം സഭയുടെ ഭാഗത്തു നിന്നുണ്ടാകും.
സുരക്ഷയും അവസരങ്ങളും അന്തസ്സും തേടി മാതൃരാജ്യം വിട്ടുപോകുന്ന ഓരോ കുടിയേറ്റ ക്കാരനിലും ഞങ്ങള്‍ ക്രിസ്തുവിന്റെ മുഖം കാണുന്നു. അവരെ ഞങ്ങള്‍ സഹോദരനോ സഹോദരിയോ ആയി തിരിച്ചറിയുന്നു, അംഗീകരിക്കുന്നു.
മനുഷ്യരുടെ ഇത്തരം സ്ഥലം മാറ്റങ്ങള്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു പ്രശ്‌നം മാത്രമല്ല. ഇതൊരു ആഴമേറിയ മാനവ യാഥാര്‍ഥ്യമാണ്. അതു നമ്മുടെ ക്രൈസ്തവ മനഃസാക്ഷിയെയും രാഷ്ട്രങ്ങളുടെ ധാര്‍മ്മികോ ത്തരവാദിത്വങ്ങളെയും വെല്ലുവിളിക്കുന്നു - മെത്രാന്മാര്‍ വിശദീകരിച്ചു.