വിശുദ്ധനാട്ടില്‍ മരണച്ചുഴിയെന്നു മാര്‍പാപ്പ

വിശുദ്ധനാട്ടില്‍ മരണച്ചുഴിയെന്നു മാര്‍പാപ്പ

ഇസ്രായേല്‍-പലസ്തീന്‍ അക്രമങ്ങള്‍ വിശുദ്ധനാട്ടില്‍ മരണച്ചുഴി തീര്‍ത്തിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നു ലോകത്തോട് ആഹ്വാനം ചെയ്തു. കിഴക്കന്‍ ജറുസലെമിലെ സിനഗോഗില്‍ ഇസ്രായേലികളും ഇസ്രായേലി സൈനാകാക്രമണത്തില്‍ പലസ്തീനികളും കൊല്ലപ്പെട്ടത് വലിയ ദുഃഖത്തോടെയാണു താന്‍ ശ്രവിച്ചതെന്നു മാര്‍പാപ്പ പറഞ്ഞു. അനുദിനം വര്‍ദ്ധിക്കുന്ന അക്രമങ്ങള്‍ ഇരുജനതകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പരസ്പരവിശ്വാസത്തെ ഇല്ലാതാക്കുകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ പുതുവര്‍ഷത്തില്‍ ഇസ്രായേലി സൈനികാക്രമണങ്ങളില്‍ ഡസന്‍ കണക്കിനു പലസ്തീനികള്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞതായി മാര്‍പാപ്പ പറഞ്ഞു. സംഭാഷണവും സമാധാനത്തിനായുള്ള ആത്മാര്‍ത്ഥ പരിശ്രമവും അന്താരാഷ്ട്രസമൂഹത്തില്‍ നിന്ന് ഉണ്ടാകണം. - പാപ്പാ പറഞ്ഞു.

ഈ സംഘര്‍ഷങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്കു നയിച്ചേക്കാമെന്നു ജെറുസലേമിലെ ക്രൈസ്തവസഭാദ്ധ്യക്ഷന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു. 32 പലസ്തീനാക്കാരും ഏഴ് ഇസ്രായേലികളുമാണ് പുതുവര്‍ഷത്തില്‍ ഇതു വരെ കൊല്ലപ്പെട്ടത്. എല്ലാ ഭാഗത്തുമുള്ള രാഷ്ട്രീയനേതാക്കള്‍ സജീവമായി ഇടപെടുന്നില്ലെങ്കില്‍ ഇത് ഇനിയും വര്‍ദ്ധിക്കാനാണു സാദ്ധ്യത. നിലവിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കുകയും സുസ്ഥിര സമാധാനത്തിനുള്ള രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുകയും വേണം. ഇതര മതസ്ഥരുടെ വിശുദ്ധസ്ഥലങ്ങളോടും ആരാധനാലയങ്ങളോടും ആദരവു പുലര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം. - സഭാദ്ധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org