ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആശ്രമജീവിതത്തിലേക്കുള്ള വിളി കേള്‍ക്കുകയാണ് സ്‌പെയിനിലെ ചിത്രകാരനായ ജോസ് മരിയ മെന്‍ഡസ്. ആശ്രമ ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് സന്യാസത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യം ഉണര്‍ത്തിയത്. സ്‌പെയിനിലെ ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തിലാണ് അദ്ദേഹം ചേര്‍ന്നത്. തന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു വിളിയെ തൊട്ടുണര്‍ത്തുകയാണ് ഡോക്യുമെന്ററി ചെയ്തതെന്ന് മെന്‍ഡസ് പറയുന്നു.
സ്‌പെയിനിലെ കോര്‍ദോബാ പ്രവിശ്യയിലുള്ള ഒരു മലനിരയില്‍ സ്ഥിതി ചെയ്യുന്ന സിസ്റ്റേഴ്‌സ്യന്‍ സന്യസ്തരുടെ ആശ്രമമാണ് ആശ്രമ ജീവിതത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത്. 8 സന്യാസികള്‍ ആണ് ആശ്രമത്തിലെ അന്തേവാസികള്‍. 27 വര്‍ഷം മുമ്പ് തന്നെ തനിക്കറിയാമായിരുന്ന ഒരു ആശ്രമമാണ് ഇത് എന്ന് മെന്‍ഡസ് അനുസ്മരിക്കുന്നു.
ഇതുവരെ ചെയ്ത പെയിന്റിങ്ങുകള്‍ എല്ലാം ഉപേക്ഷിച്ച് പ്രാര്‍ത്ഥിക്കുക എന്ന ജോലി മാത്രമായി ആശ്രമത്തില്‍ ചേരുന്നത് ദുഷ്‌കരമായ പ്രക്രിയ ആയിരുന്നെങ്കിലും അത് വളരെ മനോഹരവും ആയിരുന്നു എന്ന് മെന്‍ഡസ് പറയുന്നു. അവാര്‍ഡുകള്‍ ഉള്‍പ്പെടെ വൈകാരിക മൂല്യമുള്ള നിരവധി വസ്തുക്കള്‍ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടതുണ്ടായിരുന്നു. പലതും സുഹൃത്തുക്കള്‍ക്കും മറ്റുമായി നല്‍കി. സന്യാസ സമൂഹത്തില്‍ ചേര്‍ന്നാല്‍ മതപരമായ ചിത്രങ്ങള്‍ വരയ്‌ക്കേണ്ടി വരുമോ എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിത്രരചനയ്ക്ക് ആയിരിക്കില്ല എന്തായാലും പ്രഥമ പരിഗണന, പ്രാര്‍ത്ഥനയ്ക്ക് ആയിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.