സ്പെയിനിലെ വൈദികര്‍ക്കു വത്തിക്കാന്‍റെ ആദരം

സ്പെയിനിലെ വൈദികര്‍ക്കു വത്തിക്കാന്‍റെ ആദരം

Published on

കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ ആത്മാര്‍ത്ഥമായ പങ്കാളിത്തം നിര്‍വഹിച്ച സ്പെയിനിലെ കത്തോലിക്കാ വൈദികര്‍ക്ക് വത്തിക്കാന്‍ വൈദിക കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ബെന്യാമിനോ സ്റ്റെല്ല ആദരവും പിന്തുണയും പ്രഖ്യാപിച്ചു. സ്പാനിഷ് വൈദികരുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ ആവിലായിലെ വി. ജോണിന്‍റെ തിരുനാളിനോടനുബന്ധിച്ചു സ്പാനിഷ് വൈദികര്‍ക്കയച്ച കത്തിലാണ് കാര്‍ഡിനലിന്‍റെ പരാമര്‍ശങ്ങള്‍. കാല്‍ ലക്ഷത്തിലധികം പേര്‍ കൊറോണ മൂലം മരണമടഞ്ഞ സ്പെയിനില്‍ അമ്പതിലേറെ കത്തോലിക്കാ വൈദികരും പകര്‍ച്ചവ്യാധി മൂലമുള്ള മരണത്തിനു കീഴ്പ്പെട്ടു. പലരും രോഗബാധിതര്‍ക്ക് അജപാലനപരവും അല്ലാത്തതുമായ കരുതലേകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് രോഗബാധിതരായത്.

ആരോഗ്യപരിചരണവും ഭക്ഷണവും സമാശ്വാസവും പ്രത്യാശയും പകരുന്നതിനു വേണ്ടി ജീവന്‍ അപകടപ്പെടുത്തിയ അനേകം വൈദികരുടേയും മറ്റുള്ളവരുടേയും ത്യാഗം സമുന്നതമാണെന്നു കാര്‍ഡിനല്‍ എഴുതി. ദൈവത്തിന്‍റെ ഔദാര്യം അനന്തമാണെന്നു തെളിയിക്കുന്നതാണ് ഈ വൈദികരുടെ സാക്ഷ്യങ്ങള്‍. ഭൗതികനേട്ടങ്ങള്‍ക്കും പ്രസിദ്ധിക്കും സ്വകാര്യതാത്പര്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി പൗരോഹിത്യം സ്വാര്‍ത്ഥതയോടെ ഉപയോഗിക്കാനുള്ള പ്രലോഭനത്തിനു മറുമരുന്നുമാണ് ഈ വൈദികസാക്ഷ്യങ്ങള്‍ – കാര്‍ഡിനല്‍ വിശദീകരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org