
കുടിയേറ്റക്കാരെ തടയുന്നതു മൂലം ചിലെയുടെയും പെറുവിന്റെയും അതിര്‍ത്തിയിലുണ്ടായിരിക്കുന്ന പ്രശ്‌നത്തിന്റെ കാരണം സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നു അതിര്‍ത്തി പങ്കു വയ്ക്കുന്ന പെറുവിലെ ടാക്‌ന രൂപതയുടെയും ചിലെയിലെ അറിക്ക രൂപതയുടെയും മെത്രാന്മാര്‍ സംയുക്തമായി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി നൂറു കണക്കിന് അഭയാര്‍ത്ഥികളാണ് ചിലെയില്‍ നിന്നു പെറുവിലെക്കു കടക്കാനായി ശ്രമിക്കുന്നത്. അതോടെ പെറു അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുകയും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
വെനിസ്വേലായില്‍ നിന്നു ചിലെയിലേക്കു നേരത്തെ വന്ന അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ ചിലെയില്‍ നിന്നു പെറുവിലേക്കു കടക്കാന്‍ ശ്രമിക്കുന്നത്. ചിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ക്കശമായ നടപടികളെടുക്കാന്‍ ആരംഭിച്ചതാണു കാരണം. കൊളംബിയ, ഹെയ്തി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും അഭയാര്‍ത്ഥികളിലുണ്ട്.
കുടുംബങ്ങളും കുഞ്ഞുങ്ങളും വയോധികരുമെല്ലാം കുടിയേറ്റക്കാരുടെ കൂട്ടത്തിലുണ്ടെന്നും മനുഷ്യരെ തിന്മകളായി കണ്ട് അകറ്റി നിറുത്തുന്നതല്ല പരിഹാരത്തിനുള്ള പോംവഴിയെന്നും ബിഷപ് മാര്‍കോ കോര്‍ട്ടെസ്, ബിഷപ് മോയ്‌സെസ് അറ്റിഷ എന്നിവര്‍ പറഞ്ഞു. കുടിയേറ്റത്തിനു നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണെങ്കിലും അതിര്‍ത്തികളുടെ സൈനികവത്കരണമോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതോ അല്ല അതിനുള്ള മാര്‍ഗമെന്ന് മെത്രാന്മാര്‍ വ്യക്തമാക്കി.