പുഞ്ചിരിക്കുന്ന പാപ്പാ അള്‍ത്താരമഹത്വത്തില്‍

പുഞ്ചിരിക്കുന്ന പാപ്പാ അള്‍ത്താരമഹത്വത്തില്‍

സെപ്തംബര്‍ നാലിനു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പ ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യത്തെ മാര്‍പാപ്പയും ഇതുവരെയുള്ളതില്‍ ഇറ്റലിയില്‍ ജനിച്ച അവസാനത്തെ പാപ്പായുമാണ്. പുഞ്ചിരിക്കുന്ന പാപ്പാ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ഡിനല്‍ അല്‍ബിനോ ലുചിയാനി എന്ന ജോണ്‍ പോള്‍ ഒന്നാമനാണ് പേപ്പല്‍ നാമമായി രണ്ടു പേരുകള്‍ സ്വീകരിച്ച ആദ്യത്തെ പാപ്പായും. തന്റെ തൊട്ടുമുമ്പു സഭയെ ഭരിച്ച പോള്‍ ആറാമന്റെയും അതിനു മുമ്പത്തെ ജോണ്‍ ഇരുപത്തിമൂന്നാമന്റെയും പേരുകള്‍ ഒരുമിച്ചു സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയും ജോണ്‍ പോള്‍ ഒന്നാമനെ പോലെ ഇറ്റലിയിലെ വെനീസ് പാത്രിയര്‍ക്കീസായിരുന്നു. പോള്‍ ആറാമനാണ് കാര്‍ഡിനല്‍ അല്‍ബിനോ ലുചിയാനിയെ വെനീസ് പാത്രിയര്‍ക്കീസും കാര്‍ഡിനലുമായി വാഴിച്ചത്. അതുകൊണ്ടാണ് ഇരുവരുടെയും പേരുകള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറായതെന്നു സ്ഥാനാരോഹണത്തിനു ശേഷം ജോണ്‍ പോള്‍ ഒന്നാമന്‍ വെളിപ്പെടുത്തിയിരുന്നു.

വിനയത്തിന്റെയും നര്‍മ്മബോധത്തിന്റെയും പേരില്‍ പ്രസിദ്ധനായിരുന്നു വെനീസ് പാത്രിയര്‍ക്കീസ് ആയിരിക്കെ തന്നെ അദ്ദേഹം. പാപ്പായായപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഇരുപതു വര്‍ഷത്തോളം മെത്രനായിരുന്നുവെങ്കിലും താന്‍ ''ആ പണി ശരിക്കും പഠിച്ചു വരുന്നതേയുള്ളായിരുന്നു'' എന്നാണ്.

ആധുനിക ചരിത്രത്തില്‍ ഏറ്റവും കുറവു കാലം മാര്‍പാപ്പയായിരുന്നയാളും അദ്ദേഹം തന്നെയാണ്. പാപ്പായായി അധികാരമേറ്റ് 33 -ാം ദിവസമായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org