
പുഞ്ചിരിക്കുന്ന പാപ്പാ എന്നറിയപ്പെട്ട ജോണ്‍ പോള്‍ ഒന്നാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് അടുത്ത സെപ്തംബര്‍ നാലിനായിരിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. 33 ദിവസം മാത്രം മാര്‍പാപ്പയുടെ ചുമതല വഹിച്ച്, മരണമടഞ്ഞ അല്‍ബിനോ ലുസിയാനി എന്ന ജോണ്‍ പോള്‍ ഒന്നാമനെ സെ. പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുക. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് 1978 ആഗസ്റ്റ് 26 നാണ് ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാപരിഷ്‌കരണനടപടികള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ സെപ്തംബര്‍ 28 ന് തന്റെ 65-ാം വയസ്സില്‍ അപ്രതീക്ഷിതമായി അദ്ദേഹം മരണത്തിനു വിധേയനാകുകയായിരുന്നു. തുടര്‍ന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ജോണ്‍ പോള്‍ ഒന്നാമന്റെ ചിന്തകളെയും പ്രബോധനങ്ങളെയും പ്രചരിപ്പിക്കുന്നതിന് ഒരു വത്തിക്കാന്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ചിരുന്നു. ഭരണകാലം ഹ്രസ്വമായിരുന്നെങ്കിലും സാര്‍വത്രികസഭയുടെ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമാണ് ജോണ്‍ പോള്‍ ഒന്നാമനുള്ളതെന്നു കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.