സിറിയയിലെ സ്ഥിതി ഗുരുതരമെന്നു വത്തിക്കാന്‍ സ്ഥാനപതി

സിറിയയിലെ സ്ഥിതി ഗുരുതരമെന്നു വത്തിക്കാന്‍ സ്ഥാനപതി
Published on

''മനുഷ്യര്‍ മരിച്ചു വീഴുന്നതു ഞാന്‍ കാണുന്നുണ്ട്, യുവജനങ്ങളും മരിക്കുന്നു, എല്ലാ പ്രത്യാശയും മരിക്കുന്നു.'' സിറിയയെ കുറിച്ച് ഈ പരിദേവനം നടത്തുന്നത് അവിടത്തെ വത്തിക്കാന്‍ സ്ഥാനപതിയായ കാര്‍ഡിനല്‍ മാരിയോ സെനാരി ആണ്. കോവിഡ് പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ഉക്രെയിന്‍ യുദ്ധവും മൂലം ആഗോളസമൂഹം ഇപ്പോള്‍ സിറിയയെ മറന്നുപോയിരിക്കുകയാണെന്നും എന്നാല്‍ അവിടത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ തുടരുകയാണെന്നും കാര്‍ഡിനല്‍ പറഞ്ഞു. 2008 മുതല്‍ സിറിയയിലെ സ്ഥാനപതിയാണ് കാര്‍ഡിനല്‍ സെനാരി.

സിറിയയില്‍ കത്തോലിക്കാസഭ നടത്തുന്ന 'തുറന്ന ആശുപത്രികള്‍' എന്ന ജീവകാരുണ്യസംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വത്തിക്കാനില്‍ മാര്‍പാപ്പയെ കാണാന്‍ എത്തിയപ്പോഴാണ് കാര്‍ഡിനല്‍ സിറിയയുടെ അവസ്ഥയെ കുറിച്ച് വിശദീകരിച്ചത്. ഈ ആതുരസേവനസംരംഭത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്ലാഘിച്ചു. വിനാശങ്ങള്‍, മാനുഷികാവശ്യങ്ങള്‍, സാമൂഹ്യ-സാമ്പത്തിക തകര്‍ച്ച, ദാരിദ്ര്യം, രൂക്ഷമായ പട്ടിണി എന്നിങ്ങനെ ഏതു മാനദണ്ഡം വച്ചു നോക്കിയാലും ലോകത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണു സിറിയ എന്നു അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നതായി പാപ്പായും ചൂണ്ടിക്കാട്ടി. തീവ്രമായ ഈ സഹനങ്ങളുടെ മുമ്പില്‍, ശാരീരികവും മാനസീകവുമായ മുറിവുകളുണക്കാന്‍ കഴിയുന്ന 'യുദ്ധഭൂമിയിലെ ആശുപത്രിയായി' പ്രവര്‍ത്തിക്കാനാണു സഭ വിളിക്കപ്പെട്ടിരിക്കുന്നതെന്നു പാപ്പാ പറഞ്ഞു.

ബോംബ് സ്‌ഫോടനങ്ങള്‍ സിറിയയില്‍ ഇപ്പോള്‍ കുറവാണെങ്കിലും ശബ്ദരഹിതമായ ഒരു ബോംബ് പൊട്ടിത്തെറിച്ചിരിക്കുകയാണെന്നു കാര്‍ഡിനല്‍ സെനാരി പറഞ്ഞു. ദാരിദ്ര്യത്തിന്റെ ബോംബ് ആണത്. ജനങ്ങളില്‍ 90 ശതമാനത്തിലേറെയും പട്ടിണിയുടെ വാതില്‍ക്കലാണെന്നും കുഞ്ഞുങ്ങള്‍ പോഷണക്കുറവ് നേരിടുന്നുവെന്നുമാണു കണക്കുകള്‍ - കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org