
യുദ്ധബാധിതമായ ഉക്രെയിനില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ജീവകാരുണ്യപ്രവര്‍ത്തനത്തിനെത്തിയിരുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കിയ്ക്കു നേരെ വെടിവയ്പ്. യുദ്ധമുന്നണിയിലെ 'നോ മാന്‍സ് ലാന്‍ഡില്‍' ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുകയായിരുന്നു കാര്‍ഡിനല്‍. കാര്‍ഡനിലിനു പരിക്കേറ്റിട്ടില്ലെന്നു വത്തിക്കാന്‍ അറിയിച്ചു.
ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്നു കാര്‍ഡിനല്‍ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചയുടനെ എന്തു ചെയ്യണമെന്ന് അമ്പരന്നു നിന്നു. എങ്ങോട്ട് ഓടും എന്നറിയില്ലായിരുന്നു. - കാര്‍ഡിനല്‍ പറഞ്ഞു. എങ്കിലും വൈകാതെ സുരക്ഷിതമായ ഭാഗത്തേയ്ക്കു മാറാന്‍ സാധിച്ചു. മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തന കാര്യാലയത്തിന്റെ മേധാവിയാണ് കാര്‍ഡിനല്‍ ക്രജേവ്‌സ്‌കി.
യുദ്ധം തുടങ്ങിയതിനു ശേഷം നാലാം തവണയാണ് കാര്‍ഡിനല്‍ ക്രജേവ്‌സ്‌കി പാപ്പായുടെ നിര്‍ദേശപ്രകാരം ഉക്രെയിനിലെത്തുന്നത്. ഉക്രെയിനിലെ ജനങ്ങളോട് പാപ്പായ്ക്കും സഭയ്ക്കുമുള്ള അടുപ്പത്തിന്റെ മൂര്‍ത്തമായ സാക്ഷ്യമെന്ന നിലയ്ക്കാണ് ഏറ്റവും മുതിര്‍ന്ന സഹപ്രവര്‍ത്തകനെ തന്നെ ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ച് ഉക്രെയിനിലേയ്ക്ക് അയക്കുന്നതെന്നു സഭാവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.