യുദ്ധം തീര്‍ക്കുക, അതു നമ്മെ തീര്‍ക്കുന്നതിനു മുമ്പ് - ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധം തീര്‍ക്കുക, അതു നമ്മെ തീര്‍ക്കുന്നതിനു മുമ്പ് - ഫ്രാന്‍സിസ് മാര്‍പാപ്പ

''മതിയായി. നിറുത്തുക. ആയുധങ്ങളെ നിശബ്ദമാക്കുക. സമാധാനത്തിലേയ്ക്കു ഗൗരവത്തോടെ നീങ്ങുക.'' ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഉക്രെയിനില്‍ റഷ്യ നടത്തുന്ന യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ത്രികാലപ്രാര്‍ത്ഥനാവേളയില്‍ മാര്‍പാപ്പ വീണ്ടും ഈ വിഷയം ഉന്നയിച്ചത്. മുപ്പതിനായിരത്തിലധികം പേര്‍ സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ പാപ്പായെ ശ്രവിക്കാനെത്തിയിരുന്നു. ഒരു മാസം കഴിഞ്ഞും തുടരുന്ന ക്രൂരവും ബുദ്ധിശൂന്യവുമായ ഈ യുദ്ധം, മറ്റെല്ലാ യുദ്ധങ്ങളും പോലെ, എല്ലാവരുടെയും പരാജയമാണെന്ന് പാപ്പാ വ്യക്തമാക്കി.

മാതാപിതാക്കള്‍ അവരുടെ കുഞ്ഞുങ്ങളുടെ മരിച്ചടക്കു നടത്തുന്ന, മനുഷ്യര്‍ അവരുടെ സഹോദരീസഹോദരന്മാരെ കൊല്ലുന്ന ഇടമാണു യുദ്ധമെന്നു പാപ്പാ പറഞ്ഞു. അതുകൊണ്ടു യുദ്ധത്തെ നാം നിരാകരിക്കേണ്ടതുണ്ട്. ഉക്രെയിനെ പകുതിയിലധികം കുഞ്ഞുങ്ങള്‍ ഇതിനകം തന്നെ അധിനിവേശം മൂലം ഭവനഭ്രഷ്ടരായി. അവരുടെ ഭാവി നശിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. മനുഷ്യസമൂഹത്തിലെ ഏറ്റവും ചെറിയ, ഏറ്റവും നിഷ്‌കളങ്കരായ വിഭാഗം നേരിടുന്ന ദുരന്തമാണിത്. ഇതാണ് യുദ്ധത്തിന്റെ നാരകീയത! യുദ്ധം അനിവാര്യമായ ഒന്നല്ല. നാം അതിനോടു പൊരുത്തപ്പെടരുത്. സ്വയം നാശം സമ്പൂര്‍ണമാകുന്നതിനു മുമ്പ് യുദ്ധം ഇല്ലാതാക്കേണ്ടതാണെന്ന് മനുഷ്യകുലം മനസ്സിലാക്കട്ടെ. യുദ്ധം മാനവചരിത്രത്തെ ഇല്ലാതാക്കുന്നതിനു യുദ്ധത്തെ മാനവചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കേണ്ടതുണ്ട്. -മാര്‍പാപ്പ വിശദീകരിച്ചു.

ആയിരത്തോളം പൗരന്മാര്‍ ഉക്രെയിന്‍ യുദ്ധത്തില്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നാണു യു എന്‍ കണക്ക്. 1600 ലേറെ പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പക്ഷേ ഈ കണക്കുകള്‍ പൂര്‍ണമായിരിക്കാനിടയില്ലെന്നാണു വാര്‍ത്ത. 36 ലക്ഷം ഉക്രെനിയക്കാര്‍ ഇതിനകം അയല്‍രാജ്യങ്ങളിലേയ്ക്കു പലായനം ചെയ്തിട്ടുണ്ട്.

റഷ്യയെയും ഉക്രെയിനിനെയും മാര്‍പാപ്പ പ. മാതാവിന്റെ വിമലഹൃദയത്തിനു കാഴ്ച വച്ചു പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org