
പള്ളികളില്‍ സ്വവര്‍ഗവിവാഹം ആശീര്‍വദിക്കാന്‍ അനുവദിക്കുകയില്ലെന്ന് ആംഗ്ലിക്കന്‍ സഭയുടെ മെത്രാന്മാര്‍ തീരുമാനിച്ചു. ഫെബ്രുവരി 6 - 9 തീയതികളില്‍ ലണ്ടനില്‍ ചേരുന്ന ആംഗ്ലിക്കന്‍ സഭയുടെ ജനറല്‍ സിനഡിന് ഒരുക്കമായി സഭയില്‍ നടന്ന വിവിധ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞിരിക്കുന്ന അഭിപ്രായം വിവാഹം സംബന്ധിച്ച പരമ്പരാഗത ക്രൈസ്തവ പ്രബോധനം ഉയര്‍ത്തിപ്പിടിക്കണമെന്നതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിലല്ലാതെ കാര്‍മ്മികത്വം വഹിക്കാന്‍ ആംഗ്ലിക്കന്‍ പുരോഹിതര്‍ക്ക് അനുവാദമുണ്ടാകില്ല. എന്നാല്‍, സിവില്‍ നിയമപ്രകാരം വിവാഹിതരായിരിക്കുന്ന സ്വവര്‍ഗദമ്പതിമാരുടെ ജീവിതത്തിലെ ചടങ്ങുകളില്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ സഭ അവസരമൊരുക്കുന്നുണ്ട്. ഇതിനാവശ്യമായ പ്രാര്‍ത്ഥനകള്‍ തയ്യാറാക്കിയിട്ടുണ്ട്. സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവരെ സ്വാഗതം ചെയ്യുന്നതും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമെന്ന നിലയില്‍ മാനിക്കുന്നതുമായിരിക്കും ഈ സമീപനമെന്ന് ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. ആറു വര്‍ഷമായി ഈ വിഷയത്തെ കുറിച്ചുള്ള വിചന്തനങ്ങള്‍ നടന്നുവരികയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വവര്‍ഗവിവാഹം ആംഗ്ലിക്കന്‍ സഭയില്‍ വലിയ വിവാദവിഷയമായിരുന്നു. പരമ്പരാഗത പ്രബോധനം തിരുത്തി ഇത്തരം വിവാഹങ്ങള്‍ സഭയില്‍ തന്നെ നടത്തിക്കൊടുക്കണമെന്നു വാദിക്കുന്ന മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഭയിലുണ്ട്. ഇതു സംബന്ധിച്ച സഭാനേതൃത്വത്തിന്റെ നിലപാട് അയഞ്ഞതും പലപ്പോഴും അവ്യക്തവുമായിരുന്നു. ചിലര്‍ ഇത്തരം വിവാഹങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനെ എതിര്‍ക്കുന്ന വിഭാഗവും ശക്തമാണ്. സ്വവര്‍ഗവിവാഹം, വനിതാപൗരോഹിത്യം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം 2007 നു ശേഷം ചുരുങ്ങിയത് 19 മെത്രാന്മാര്‍ ആംഗ്ലിക്കന്‍ സഭ വിട്ട് കത്തോലിക്കാസഭയില്‍ ചേര്‍ന്നിരുന്നു. ഇപ്രകാരം ആംഗ്ലിക്കന്‍ സഭ വിട്ടുവരുന്നവരുടെ സഭാപ്രവേശനം സുഗമമാക്കുന്നതിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇവര്‍ക്കായി രൂപതക്കു തുല്യമായ പ്രത്യേക അജപാലനസംവിധാനവും സ്ഥാപിച്ചു. ആംഗ്ലിക്കന്‍ സഭയില്‍ നിന്നു കത്തോലിക്കാസഭയില്‍ ചേരുന്നവര്‍ക്ക് ആംഗ്ലിക്കന്‍ ആരാധനാക്രമം നിലനിറുത്തുവാനും വിവാഹിതരായ പുരോഹിതര്‍ക്ക് പൗരോഹിത്യം നിലനിറുത്താനും ഈ സംവിധാനം അവസരമൊരുക്കിയിരുന്നു.