യു കെ യിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ സജീഷ് ടോം വിജയം നേടി

യു കെ യിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ സജീഷ് ടോം വിജയം നേടി

യു കെ യിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ ബേസിംഗ്സ്റ്റോക്ക് ആൻഡ് ഡീൻ ബറോ കൗൺസിൽ അംഗമായി സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യം വലിയതോതിൽ ലേബർ പാർട്ടിക്ക് എതിരായി വിധിയെഴുത്ത് നടത്തിയപ്പോഴും, ഡിവിഷനിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ ഏറ്റവുമധികം വോട്ടുകൾ നേടി, തദ്ദേശീയരെ വരെ പിന്തള്ളിയാണ് ലേബർ പാർട്ടിക്കുവേണ്ടി സജീഷ് ടോം മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്.

1991 – 92 കാലയളവിൽ എറണാകുളം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്ന സജീഷ്, സി എൽ സി എറണാകുളം അതിരൂപതാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ബേസിംഗ്സ്റ്റോക്ക് കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യത്തെ യു കെ ഇതര ലേബർ കൗൺസിലർ എന്ന ഖ്യാതി ഇതോടെ മലയാളിയായ സജീഷ് ടോമിന് സ്വന്തമായി. കോട്ടയം വൈക്കം സ്വദേശിയായ സജീഷിന്റെ കുടുംബം ഇപ്പോൾ എറണാകുളം ജില്ലയിലെ തെക്കൻ പറവൂരിലാണ്. അയ്യനംപറമ്പിൽ തോമസിൻ്റെയും പരേതയായ മേരിക്കുട്ടിയുടെയും മകനാണ് സജീഷ്. ഭാര്യ ആൻസി സജീഷ്. ഏകമകൾ അലീനാ സജീഷ്.

യുകെയിലെത്തുന്നതിന് മുൻപ് കൊച്ചിൻ റിഫൈനറിസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു.

യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ യുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയും ഇപ്പോൾ പബ്ലിക് റിലേഷൻ ഓഫീസറും മീഡിയ കോർഡിനേറ്ററുമായ സജീഷ് ടോം യു കെ പൊതുസമൂഹത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ് ഈ വിജയം.

യു കെ യിലെ പ്രബല തൊഴിലാളി സംഘടനയായ യൂണിസൻ ബേസിംഗ്സ്റ്റോക്ക് ഹെൽത്ത് ബ്രാഞ്ച് കമ്മറ്റി ചെയർമാൻ, സൗത്ത് ഈസ്റ്റ് റീജിയൺ ഫിനാൻസ് കമ്മിറ്റിയംഗം, വെൽഫെയർ കമ്മറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ബേസിംഗ്സ്റ്റോക്ക് മർട്ടികൾച്ചറൽ ഫോറം ട്രഷററായി തുടർച്ചയായി മൂന്ന് ടേമിൽ പ്രവർത്തിച്ചു. പൊതു പ്രവർത്തന മികവിന്റെ പേരിൽ "ബേസിംഗ്സ്റ്റോക്ക് മേയേഴ്സ് വോളണ്ടിയർ അവാർഡ്" ജേതാവായിട്ടുണ്ട്.

പോർട്ട്സ്മൗത്ത് രൂപതയുടെ കീഴിലുള്ള സെന്റ് ബീഡ്‌സ് റോമൻ കത്തോലിക്കാ ഇടവകയുടെ പാരീഷ് പാസ്റ്ററൽ കൗൺസിൽ മെമ്പർ, ഫിനാൻസ് കമ്മിറ്റി മെമ്പർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org