വി. ഇറനേവൂസിനെ ഐക്യത്തിന്റെ വേദപാരംഗതനായി പ്രഖ്യാപിക്കുന്നു

വി. ഇറനേവൂസിനെ ഐക്യത്തിന്റെ വേദപാരംഗതനായി പ്രഖ്യാപിക്കുന്നു

ലിയോണിലെ വി. ഇറനേവൂസിനെ വേദപാരംഗതനായി പ്രഖ്യാപിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും ഒരുപോലെ ആദരിക്കുന്ന ഇറനേവൂസിനു 'ഡോക്ടര്‍ ഓഫ് യൂണിറ്റി' എന്ന സ്ഥാനപ്പേരാകും നല്‍കുക. സിനഡാലിറ്റിയെയും പ്രാഥമികതയെയും കുറിച്ചു പഠിക്കുന്ന ഒരു കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് സംയുക്ത ദൈവശാസ്ത്ര കര്‍മ്മസമിതിയിലെ അംഗങ്ങളോടാണ് മാര്‍പാപ്പ ഇതു വെളിപ്പെടുത്തിയത്. പൗരസ്ത്യനാട്ടില്‍ നിന്നുള്ള വി. ഇറനേവൂസ് പാശ്ചാത്യനാട്ടിലാണു മെത്രാനായി സേവനം ചെയ്തതെന്നും പൗരസ്ത്യ-പാശ്ചാത്യ ക്രൈസ്തവര്‍ക്കിടയിലെ മഹത്തായ ഒരു ദൈവശാസ്ത്ര-ആത്മീയ പാലമായിരുന്നു അദ്ദേഹമെന്നും മാര്‍പാപ്പ അനുസ്മരിച്ചു.
രണ്ടാം നൂറ്റാണ്ടിലെ മെത്രാനായിരുന്ന വി. ഇറനേവൂസ് ആജ്ഞേയവാദത്തിന്റെ പാഷണ്ഡതകളെ നേരിടുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള സഭാപിതാവാണ്. ഫ്രാന്‍സിലെ ലിയോണില്‍ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധനെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്നു അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനു മുമ്പ് 2015 ല്‍ പത്താം നൂറ്റാണ്ടിലെ അര്‍മേനിയന്‍ സന്യാസിയായിരുന്ന വി.ഗ്രിഗറി നാരെക്കിനെ വേദപാരംഗതനായി പ്രഖ്യാപിച്ചിരുന്നു. ആവിലായിലെ വി. യോഹന്നാനെയും ബിന്‍ഗെനിലെ വി. ഹില്‍ഡെഗാര്‍ഡിനെയും 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വേദപാരംഗതരായി പ്രഖ്യാപിച്ചു. കത്തോലിക്കാസഭ വേദപാരംഗതരായി പ്രഖ്യാപിച്ചിട്ടുള്ള 36 വ്യക്തിത്വങ്ങളില്‍, 1054 ലെ മഹാശീശ്മയ്ക്കു മുമ്പു ജീവിച്ചിരുന്ന 17 പേരെ ഓര്‍ത്തഡോക്‌സ് സഭകളും ആദരിക്കുന്നുണ്ട്. വേദപാരഗംതനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ രക്തസാക്ഷിയായിരിക്കും വി. ഇറനേവൂസ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org