സഭയിലെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കു ന്യായീകരണമില്ല : കാര്‍ഡിനല്‍ ജോര്‍ജ് പെല്‍

സഭയിലെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കു ന്യായീകരണമില്ല : കാര്‍ഡിനല്‍ ജോര്‍ജ് പെല്‍
Published on

സഭയുടെ ദൗത്യം ആത്മീയമാണ് എന്നത് മോശം മാനേജ്‌മെന്റിനോ സാമ്പത്തിക കാര്യങ്ങളിലെ കെടുകാര്യസ്ഥതയ്‌ക്കോ ഒരു ന്യായീകരണമല്ലെന്നു കാര്‍ഡിനല്‍ ജോര്‍ജ് പെല്‍ പ്രസ്താവിച്ചു. സാമ്പത്തിക അഴിമതി ലൈംഗിക ചൂഷണത്തേക്കാള്‍ വലിയ അപകടമായി മാറാമെന്നും കാര്‍ഡിനല്‍ അഭിപ്രായപ്പെട്ടു. പണം ദൈവത്തിന്റെ ദാനമാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം അതു പ്രലോഭനകാരണവും ആകാം – അദ്ദേഹം പറഞ്ഞു. റോമിലെ പൊന്തിഫിക്കല്‍ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചര്‍ച്ച് മാനേജ്‌മെന്റില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ച കാര്യാലയത്തിന്റെ ആദ്യത്തെ അദ്ധ്യക്ഷനുമാണ് കാര്‍ഡിനല്‍ പെല്‍.

സമ്പത്തിനെ കുറിച്ച് യേശുക്രിസ്തു നന്നായി പഠിപ്പിച്ചിട്ടുണ്ടെന്നും ആ വിഷയത്തില്‍ വളരെ വ്യക്തത നല്‍കിയിട്ടുണ്ടെന്നും കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. കപടനാട്യത്തേക്കാള്‍ ക്രിസ്തു വിമര്‍ശിച്ചത് ധനമോഹത്തെയാണ്. കര്‍ത്താവ് ചാട്ടവാര്‍ എടുത്തത് ദേവാലയത്തിലെ നാണയമാറ്റക്കാര്‍ക്കും കച്ചവടക്കാര്‍ക്കും എതിരെ മാത്രമാണെന്നതു മറക്കരുത്. നമ്മുടെ സമൂഹങ്ങളില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം കൊണ്ടുവരുന്നത് നമ്മളാണ്. അതിനു പണം ഉപയോഗിക്കേണ്ടതായി വരും. സഭയില്‍ മാനേജ്‌മെന്റ് ചുമതലകള്‍ വഹിക്കുന്നയാളുകള്‍ അച്ചടക്കവും നന്മയും വളര്‍ത്തേണ്ടതുണ്ട് – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org