
ഉക്രെയിന്‍ യുദ്ധത്തിന് ഒരു പരിഹാരം കണ്ടെത്തുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുമായും അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായും സംഭാഷണത്തിനു തയ്യാറെന്നു റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ പാത്രിയര്‍ക്കീസ് കിറിലുമായും സംസാരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പായോടു കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതിനു പ്രതികരണമായിട്ടാണു റഷ്യയുടെ പ്രസ്താവന. പുടിനെയും പാത്രിയര്‍ക്കീസിനെയും മാത്രമല്ല ജോ ബൈഡനെയും സംഭാഷണത്തിന്റെ മേശയിലേയ്ക്കു കൊണ്ടുവരണമെന്നായിരുന്നു മാക്രോണിന്റെ വാക്കുകള്‍.
റഷ്യ ഉക്രെയിനില്‍ അധിനിവേശം നടത്തിയിട്ട് എട്ടു മാസങ്ങളായി. 400 കുട്ടികള്‍ ഉള്‍പ്പെടെ ആറായിരത്തിലധികം പൗരന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. സംഘര്‍ഷത്തിന്റെ ആരംഭം മുതല്‍ തന്നെ സമാധാനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്.