
തനിക്ക് ആരോഗ്യപ്രശ്ങ്ങളുണ്ടായാല് പകരം സംവിധാനമേര്പ്പെടുത്തുന്നതിനായി രാജിക്കത്ത് മുന്‍ സ്റ്റേറ്റ് സെക്രട്ടറി താര്‍സീസ്യോ ബെര്ത്തോണെയെ വളരെ മുമ്പു തന്നെ താന്‍ ഏല്പിച്ചിരുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് കാര്‍ഡിനല്‍ ബെര്‍ത്തോണെ ആയിരുന്നു സ്റ്റേറ്റ് സെക്രട്ടറി. പിന്നീട് അദ്ദേഹം വിരമിക്കുകയും സ്റ്റേറ്റ് സെക്രട്ടറിയായി കാര്‍ഡിനല്‍ പിയെട്രോ പരോളിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിക്കുകയും ചെയ്തു. തന്റെ രാജിക്കത്ത് കാര്‍ഡിനല്‍ ബെര്‍ത്തോണെ പിന്‍ഗാമിയായ സ്റ്റേറ്റ് സെക്രട്ടറിയ്ക്കു കൈമാറിയിട്ടുണ്ടാകാമെന്നു മാര്‍പാപ്പ സൂചിപ്പിച്ചു.
രാജിക്കത്ത് കൊടുത്തിട്ടുള്ള കാര്യം ജനങ്ങള്‍ അറിയണമെന്നാണ് തന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് ഇപ്പോള്‍ അതു വെളിപ്പെടുത്തുന്നതെന്നും ഒരു സ്പാനിഷ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞു.