യഹൂദരെ രക്ഷിച്ചതിനു കൊല്ലപ്പെട്ട കുടുംബം അള്‍ത്താരയിലേക്ക്

യഹൂദരെ രക്ഷിച്ചതിനു കൊല്ലപ്പെട്ട കുടുംബം അള്‍ത്താരയിലേക്ക്

ഒരു യഹൂദകുടുംബത്തെ നാസികളില്‍ നിന്നു രക്ഷിക്കുന്നതിനായി സ്വന്തം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചതിന്റെ പേരില്‍ നാസികള്‍ കൊലപ്പെടുത്തിയ ജോസഫ് - വിക്‌ടോറിയ ഉല്‍മ കുടുംബത്തെ വരുന്ന സെപ്തംബര്‍ 10 നു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ഒരു ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഏഴു മക്കളും മാതാപിതാക്കളും അടങ്ങുന്നതായിരുന്നു കുടുംബം. ഉല്‍മാ കുടുംബം രക്തസാക്ഷിത്വം വരിച്ച പോളണ്ടിലെ മാര്‍കോവ എന്ന ഗ്രാമത്തില്‍ വച്ചു തന്നെയാകും പ്രഖ്യാപനം നടക്കുക.

1944 മാര്‍ച്ച് 24 നാണ് നാസി പോലീസ് ജോസഫിന്റെയും വിക്‌ടോറിയയുടെയും വീട്ടില്‍ എട്ടു യഹൂദര്‍ അഭയം തേടിയിട്ടുണ്ടെന്നു കണ്ടെത്തിയത്. നാസികള്‍ അന്നു തന്നെ ജോസഫിനെയും വിക്‌ടോറിയയെയും വധിച്ചു. മാതാപിതാക്കളെ കൊല്ലുന്നതു കണ്ടു കരഞ്ഞ സ്റ്റാനിസ്ലാവ (8), ബാര്‍ബര (7), വ്‌ളാദിസ്ലാവ് (6), ഫ്രാന്‍സിസെസ്‌ക് (4), ആന്റണി (3), മരിയ (2) എന്നീ കുട്ടികള്‍ക്കു നേരെയും നാസികള്‍ വെടിയുതിര്‍ത്തു. എല്ലാവരും അവിടെ വച്ചു തന്നെ മരണമടഞ്ഞു.

നല്ല സമരിയാക്കാരന്റെ ഉപമക്കു താഴെ ചുവന്ന പേന കൊണ്ട് അടിവരയിട്ട ഒരു ബൈബിള്‍ ഉല്‍മ ഭവനത്തില്‍ നിന്നു പിന്നീടു കണ്ടെടുത്തതായി നാമകരണനടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ.വിറ്റോള്‍ഡ് ബുര്‍ദ പറഞ്ഞു. തങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്ന ആരേയും സഹായിക്കാന്‍ സദാ സന്നദ്ധരായിരുന്നു ജോസഫ്, വിക്‌ടോറിയ ദമ്പതിമാരെന്നു ഗ്രാമീണര്‍ പറഞ്ഞിരുന്നു. ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടതായിരുന്നു ആ കുടുംബം. -ഫാ. ബുര്‍ദ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org