സിനഡാലിറ്റിക്ക് ഊന്നലേകി റോം രൂപത പുനഃസംഘടിപ്പിക്കുന്നു

സിനഡാലിറ്റിക്ക് ഊന്നലേകി റോം രൂപത പുനഃസംഘടിപ്പിക്കുന്നു
Published on

റോം രൂപതയുടെ ഭരണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്ന പുനഃസംഘാടനത്തിനു മുന്നോടിയായ അപ്പസ്‌തോലിക രേഖ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചു. 1998 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ നല്‍കിയ രേഖക്കു പകരം ഈ പുതിയ രേഖയായിരിക്കും ഇനി പ്രാബല്യത്തില്‍. കൂട്ടായ്മയുടെയും സംഭാഷണത്തിന്റെയും സുതാര്യതയുടെയും സാമീപ്യത്തിന്റെയും സ്വാഗതത്തിന്റെയും ഒരു മാതൃകാസ്ഥാനമായി രൂപതയെ മാറ്റാന്‍ കഴിയുമെന്ന പ്രത്യാശ പാപ്പ പ്രകടിപ്പിച്ചു.

മാര്‍പാപ്പയാണ് റോമാ രൂപതയുടെ മെത്രാന്‍. പാപ്പാക്കു കീഴില്‍ ഒരു കാര്‍ഡിനല്‍ വികാരിയും ഡെപ്യൂട്ടി വികാരിയും സഹായമെത്രാന്മാരും ചേര്‍ന്നാണു രൂപതയെ നയിക്കുന്നത്. കാര്‍ഡിനല്‍ ആഞ്‌ജെലോ ഡി ഡൊണാറ്റിസ് ആണ് ഇപ്പോഴത്തെ റോം രൂപതാ വികാരി. ഏഴു സഹായമെത്രാന്മാരും ഉണ്ട്. അതിലൊരു സഹായമെത്രാനായ ബിഷപ് ബാല്‍ദിസേരി റെയിനയെ ഡെപ്യൂട്ടി വികാരിയായി ഈയിടെ നിയമിച്ചിട്ടുണ്ട്. ഓരോ സഹായമെത്രാന്റെയും ഉത്തരവാദിത്വങ്ങള്‍ പുതിയ ഉത്തരവില്‍ പാപ്പ മാറ്റി നല്‍കിയിട്ടുണ്ട്.

സിനഡല്‍ സമീപനത്തിനു പുനഃസംഘാടനത്തില്‍ ഊന്നലേകണമെന്നു പാപ്പാ വ്യക്തമാക്കുന്നുണ്ട്. റോം രൂപതയും വികാരിയത്തും സംബന്ധിച്ച അജപാലനപരവും ഭരണപരവുമായ തീരുമാനങ്ങളെടുക്കുന്ന വിവേചനപ്രക്രിയയുടെ പരമോന്നത സ്ഥലമായി ഒരു എപിസ്‌കോപ്പല്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കണമെന്നു പാപ്പാ നിര്‍ദേശിക്കുന്നു. കാര്‍ഡിനല്‍ വികാരിയും സഹായമെത്രാന്മാരും ഒരു മാസത്തില്‍ ചുരുങ്ങിയതു മൂന്നു പ്രാവശ്യം ഒന്നിച്ചു ചേരണം. മാര്‍പാപ്പയോ പാപ്പയുടെ അഭാവത്തില്‍ കാര്‍ഡിനലോ ഇതില്‍ അദ്ധ്യക്ഷത വഹിക്കണം.

സാമ്പത്തിക കാര്യങ്ങളുടെ കൈകാര്യത്തില്‍ വിവേകവും ജാഗ്രതയും പുലര്‍ത്തണമെന്നു പാപ്പ നിര്‍ദേശിച്ചു. സഭയുടെ ദൗത്യത്തിന് അത്യന്താപേക്ഷിതമല്ലാത്ത കാര്യങ്ങള്‍ കൊണ്ടു നിറയുമ്പോള്‍ സഭയ്ക്ക് അതിന്റെ വിശ്വാസ്യത നഷ്ടമാകുന്നു. ശുശ്രൂഷാപരമായ അധികാരങ്ങള്‍ ഉള്ളവര്‍ പോലും സുവിശേഷത്തോടു വിശ്വസ്തമല്ലാത്ത പെരുമാറ്റങ്ങള്‍ കൊണ്ട് ഉതപ്പുകളുണ്ടാക്കുന്നു. - മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org