പാക് രക്തസാക്ഷിയുടെ ചരമവാര്‍ഷികം റോമില്‍ ആചരിച്ചു

പാക് രക്തസാക്ഷിയുടെ ചരമവാര്‍ഷികം റോമില്‍ ആചരിച്ചു
Published on

പാക്കിസ്ഥാനില്‍ ഇസ്ലാമിക ഭീകരവാദികള്‍ കൊലപ്പെടുത്തിയ കത്തോലിക്കാ രാഷ്ട്രീയനേതാവ് ഷഹബാസ് ഭട്ടിയുടെ പത്താം ചരമവാര്‍ഷികം റോമില്‍ ആചരിച്ചു. 2008 മുതല്‍ 2011 വരെ പാക്കിസ്ഥാനിലെ ന്യൂനപക്ഷ വകുപ്പു മന്ത്രിയായിരുന്നു ഭട്ടി. പാക്കിസ്ഥാനിലെ മതമര്‍ദ്ദനത്തിനെതിരെയും മതദൂഷണ നിയമങ്ങളുടെ ദുരുപയോഗത്തിനെതിരെയും ശക്തമായി പ്രതികരിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. മതദൂഷണക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസ്യ ബിബിയെ പിന്തുണച്ചതോടെയാണ് ഭട്ടിക്കെതിരായ നീക്കം മതഭ്രാന്തര്‍ ശക്തമാക്കിയത്. തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ എന്ന ഭീകരസംഘടനയാണ് ഇസ്ലാമാബാദില്‍ വച്ചു ഭട്ടിയെ 2011 മാര്‍ച്ച് 2 നു വധിച്ചത്. 42 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഭട്ടിയുടെ മരണം രക്തസാക്ഷിത്വമായി പ്രഖ്യാപിക്കണമെന്ന് പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാന്മാര്‍ മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇസ്ലാമബാദ്-റാവല്‍പിണ്ടി രൂപത 2016 ല്‍ ആരംഭിച്ചിട്ടുണ്ട്. ഭട്ടിയുടെ മരണശേഷം പാക്കിസ്ഥാനില്‍ മതസ്വാന്ത്ര്യം കൂടുതല്‍ അപകടത്തിലായിരിക്കുകയാണെന്നാണ് അന്താരഷ്ട്ര സംഘടനകളുടെ വിലയിരുത്തല്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org