റുമേനിയന്‍ സന്ദര്‍ശനം ഓര്‍ത്തഡോക്സ് ബന്ധങ്ങള്‍ മെച്ചപ്പെടുത്താനിടയാക്കും

റുമേനിയന്‍ സന്ദര്‍ശനം ഓര്‍ത്തഡോക്സ് ബന്ധങ്ങള്‍ മെച്ചപ്പെടുത്താനിടയാക്കും

മെയില്‍ റുമേനിയായിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന സന്ദര്‍ശനം ഓര്‍ത്തഡോക്സ് സഭകളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. റുമേനിയായിലെ ജനങ്ങളില്‍ 80 ശതമാനവും പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്. കത്തോലിക്കര്‍ ഇവിടെ 4.7 ശതമാനമാണ്. കത്തോലിക്ക-ഓര്‍ത്തഡോക്സ് സംഭാഷണം റുമേനിയായില്‍ നടക്കുന്നുണ്ടെങ്കിലും അടുത്ത കാലത്തായി അതത്ര സജീവമല്ലെന്ന് ബുക്കാറസ്റ്റ് അതിരൂപതാ വക്താവ് പറഞ്ഞു.

1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റുമേനിയ സന്ദര്‍ശിച്ചിരുന്നു. അന്നു റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായിരുന്ന പാത്രിയര്‍ക്കീസ് തിയോക്ടിസ്റ്റുമായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു വ്യക്തിപരമായ ബന്ധമുണ്ടായിരുന്നത് സംഭാഷണങ്ങള്‍ മുന്നോ ട്ടു കൊണ്ടുപോകാന്‍ സഹായിച്ചിരുന്നു. എന്നാല്‍ 2008-ല്‍ റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായി പാത്രിയര്‍ക്കീസ് ഡാനിയല്‍ സ്ഥാനമേറ്റെടുത്തതോടെ സഭൈക്യബന്ധങ്ങളിലെ പുരോഗതി നിലച്ചു. സംയുക്ത പ്രാര്‍ത്ഥനകളോ മറ്റു ചടങ്ങുകളോ പ്രോത്സാഹിപ്പിക്കുന്ന നേതാവായിരുന്നില്ല അദ്ദേഹം. ഇതിനു മാറ്റം വരുത്താന്‍ പേപ്പല്‍ സന്ദര്‍ശനത്തിനു കഴിയുമെന്ന പ്രതീക്ഷയിലാണ് കത്തോലിക്കാസഭ.

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഓര്‍ത്തഡോക്സ് സഭയ്ക്കു മാത്രമാണ് റുമേനിയയില്‍ ഭരണകൂടത്തിന്‍റെ അംഗീകാരമുണ്ടായിരുന്നത്. അക്കാലത്തു നിരോധിക്കപ്പെട്ട കത്തോലിക്കാസഭയുടെ സ്വത്തുവകകളും പള്ളികളും സര്‍ക്കാര്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്കു കൈമാറിയിരുന്നു. കമ്മ്യൂണിസത്തിന്‍റെ പതനത്തിനു ശേഷം ഇതെല്ലാം കത്തോലിക്കാസഭയ്ക്കു മടക്കി നല്‍കേണ്ടി വന്നത് ഓര്‍ത്തഡോക്സ് – കത്തോലിക്കാ ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കി. 2007-ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് റുമേനിയയില്‍ നിന്നു യുവജനങ്ങള്‍ വന്‍തോതില്‍ മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലേയ്ക്കു കുടിയേറുകയാണ്. ഇതാണ് ഇപ്പോള്‍ റുമേനിയ നേരിടുന്ന ഒരു പ്രധാന പ്രശ്നം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org