റോമന്‍ കൂരിയാ പരിഷ്‌കരണം: രൂപതകള്‍ക്കു സ്വാതന്ത്ര്യവും വിശ്വാസികള്‍ക്കു നേതൃത്വദൗത്യവും വര്‍ദ്ധിക്കും

റോമന്‍ കൂരിയാ പരിഷ്‌കരണം: രൂപതകള്‍ക്കു സ്വാതന്ത്ര്യവും  വിശ്വാസികള്‍ക്കു നേതൃത്വദൗത്യവും വര്‍ദ്ധിക്കും

'സുവിശേഷം പ്രഘോഷിക്കുക' (പ്രെഡിക്കേറ്റ് ഇവാഞ്ചലിയം) എന്ന പുതിയ അപ്പസ്‌തോലികരേഖയുടെ പ്രഖ്യാപനത്തോടെ റോമന്‍ കൂരിയായുടെ പരിഷ്‌കരണം നിര്‍ണായകമായ അന്തിമ ഘട്ടത്തിലേയ്ക്കു പ്രവേശിച്ചു. സ്ഥാനമേറ്റയുടന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റെടുത്ത സുപ്രധാനദൗത്യമായിരുന്നു റോമന്‍ കൂരിയായുടെ പരിഷ്‌കരണം. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അതിനാവശ്യമായ കൂടിയാലോചനകളും നടപടികളും നടന്നു വരികയായിരുന്നു. 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച പാസ്റ്റര്‍ ബോണസ് എന്ന രേഖയ്ക്കു പകരമായാണ് പ്രെഡിക്കേറ്റ് ഇവാഞ്ചലിയം സ്ഥാനം പിടിക്കുന്നത്.

വിവിധ വിഷയങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സമിതികളുടെ (ഡികാസ്റ്ററി) മേധാവികളാകാന്‍ ഏതു വിശ്വാസിക്കും സാധിക്കുമെന്നതാണ് പരിഷ്‌കരണത്തിന്റെ ഒരു പ്രധാന ഘടകം. സുവിശേഷവത്കരണത്തിന് കൂടുതല്‍ ഊന്നലേകുന്ന രേഖ, രൂപതകള്‍ക്കു കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്നു. 16 സമിതികളാണ് ഉണ്ടായിരിക്കുക. സുവിശേഷവത്കരണം, വിശ്വാസപ്രബോധനം, ഉപവിസേവനം, പൗരസ്ത്യസഭകള്‍, ദൈവികാരാധനയും കൂദാശക്രമവും, വിശുദ്ധരുടെ നാമകരണം, മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അത്മായരും കുടുംബവും മനുഷ്യജീവനും, ക്രൈസ്തവൈക്യപ്രോത്സാഹനം, മതാന്തരസംഭാഷണം, സംസ്‌കാരവും വിദ്യാഭ്യാസവും, സമഗ്രമനുഷ്യവികസനം, നിയമപാഠങ്ങള്‍, ആശയവിനിമയം എന്നിവയാണവ. കോണ്‍ഗ്രിഗേഷന്‍, പൊന്തിഫിക്കല്‍ കൗണ്‍സില്‍ തുടങ്ങി അധികാരവ്യത്യാസം സൂചിപ്പിക്കുന്ന പേരുകള്‍ നീക്കുകയും എല്ലാത്തിനെയും ഡികാസ്റ്ററി എന്ന ഒരേ പേരിലേയ്ക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടേറിയറ്റും ഡികാസ്റ്ററികളും മറ്റു സമിതികളും ചേരുന്നതായിരിക്കും ഇനി മുതല്‍ റോമന്‍ കൂരിയ. ഇവയെല്ലാം തുല്യപദവിയുള്ളതായിരിക്കും. എങ്കിലും, സുവിശേഷവത്കരണസമിതിയ്ക്കാണു കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നതെന്നു വ്യക്തമാണ്. കാരണം, ഇതിന്റെ മേധാവി മാര്‍പാപ്പ തന്നെയായിരിക്കും. പാപ്പായ്ക്കു കീഴില്‍ സുവിശേഷവത്കരണത്തിനും നവസുവിശേഷവത്കരണത്തിനുമായി രണ്ടു സഹമേധാവികളായിരിക്കും സമിതിയ്ക്ക് ഉണ്ടായിരിക്കുക.

ബാലലൈംഗികചൂഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ചിരുന്ന പൊന്തിഫിക്കല്‍ കമ്മീഷനെ സുപ്രധാനമായ വിശ്വാസസമിതിയുടെ ഭാഗമാക്കിയിരിക്കുന്നു. ഈ വിഷയത്തിനു സഭ നല്‍കുന്ന വലിയ പ്രാധാന്യത്തെ ഇതു സൂചിപ്പിക്കുന്നു. റോമന്‍ കൂരിയായില്‍ ജോലി ചെയ്യുന്ന വൈദികരുടെയും സന്യസ്തരുടെയും കാലാവധി അഞ്ചു വര്‍ഷമായിരിക്കും. ആവശ്യമെങ്കില്‍ അഞ്ചു വര്‍ഷം കൂടി ഇതു ദീര്‍ഘിപ്പിക്കാം. അതു കഴിഞ്ഞാല്‍ അവര്‍ സ്വന്തം രൂപതകളിലേയ്‌ക്കോ സന്യാസസമൂഹങ്ങളിലേയ്‌ക്കോ മടങ്ങിപ്പോകണം.

2018 ലാണു ഈ അപ്പസ്‌തോലികരേഖയുടെ കരട് തയ്യാറായത്. ഇതിന് അനുസരിച്ചുള്ള പല പരിഷ്‌കരണനടപടികളും പലപ്പോഴായി മാര്‍പാപ്പ നടപ്പില്‍ വരുത്തുന്നുണ്ടായിരുന്നു. വിവിധ കാര്യാലയങ്ങളെ പരസ്പരം ലയിപ്പിച്ചു കഴിഞ്ഞത് ഇതിനുദാഹരണമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org