
അക്രമിസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ വൈദികരുള്‍പ്പെടെയുള്ള സഭാപ്രവര്‍ത്തകരെ മോചിപ്പിക്കുന്നതിനു വേണ്ടി വടക്കന്‍ നൈജീരിയായില്‍ മാത്രം മൂന്നു കോടിയിലേറെ നൈരാ (നാല്‍പതിനായിരത്തോളം ഡോളര്‍) ഈയിടെ ചെലവഴിച്ചതായി സൊകോറ്റോ ബിഷപ് മാത്യൂ ഹാസന്‍ കുക്കാ പറഞ്ഞു. നിരവധി പ്രതിബന്ധങ്ങള്‍ സൊകോറ്റോയിലെ സഭ നേരിട്ടു. ദെബോറാ എമ്മാനുവല്‍ എന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ മുസ്ലീം മൗലികവാദികള്‍ കൊലപ്പെടുത്തിയതുള്‍പ്പെടെയാണിത്. കത്തീഡ്രല്‍ ഏതാണ്ട് പൂര്‍ണമായും കത്തിച്ചു. മറ്റു പള്ളികളും തകര്‍ത്തിട്ടുണ്ട്. ഒരു വൈദികനും ഒരു സെമിനാരിക്കാരനും കൊല്ലപ്പെട്ടിട്ട് ഏറെയായിട്ടില്ല.
ഈ ഗുരുതരമായ സുരക്ഷാപ്രശ്‌നത്തെ നേരിടാന്‍ നൈജീരിയന്‍ ഭരണകൂടം യാതൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്ന് ബിഷപ് കുറ്റപ്പെടുത്തി. വടക്കന്‍ നൈജീരിയായില്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നം തങ്ങളുടെ മാത്രം പ്രശ്‌നമായി മാറിയിരിക്കുകയാണെന്നു 71 കാരനായ ബിഷപ് പറഞ്ഞു. വടക്കന്‍ നൈജീരിയാക്കു പുറത്ത്, ആഡംബരങ്ങളില്‍ കഴിയുന്ന ഇതര ക്രൈസ്തവര്‍ പോലും തങ്ങളുടെ സഹനങ്ങളില്‍ താത്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നൈജീരിയയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബോകോ ഹരാം എന്ന തീവ്രവാദിസംഘടന 2009 ല്‍ സജീവമായതിനു ശേഷം തുടരെയുള്ള നിരവധി അക്രമങ്ങള്‍ അവിടത്തെ ക്രൈസ്തവര്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അതു തുടരുകയുമാണ്. ഇതിനെ ഫലപ്രദമായി നേരിടാനോ പൗരന്മാര്‍ക്കു സുരക്ഷ നല്‍കാനോ ഭരണകൂടത്തിനു സാധിക്കുന്നില്ലെന്നു സഭ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.