കനേഡിയന്‍ ആദിവാസി പ്രതിനിധികള്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കും

കാനഡായില്‍ ആദിവാസികള്‍ക്കു വേണ്ടി സഭ നടത്തിയിരുന്ന റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളോടു ചേര്‍ന്നു നിരവധി കുഴിമാടങ്ങള്‍ കണ്ടെത്തിയതു വലിയ വിവാദമായിരുന്നു.
കനേഡിയന്‍ ആദിവാസി പ്രതിനിധികള്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കും
ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സിലെ കംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപം മെയ് മാസത്തില്‍ കണ്ടെത്തിയ 215 കുട്ടികളുടെ അവശിഷ്ടങ്ങള്‍ക്കായുള്ള ഒരു സ്മാരകം

കാനഡായിലെ വിവിധ ആദിവാസി ഗോത്രങ്ങളുടെ പ്രതിനിധികള്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കും. ഏതാനും മെത്രാന്മാരും ഇവര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നു കനേഡിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘം അറിയിച്ചു. കാനഡായില്‍ ആദിവാസികള്‍ക്കു വേണ്ടി സഭ നടത്തിയിരുന്ന റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളോടു ചേര്‍ന്നു നിരവധി കുഴിമാടങ്ങള്‍ കണ്ടെത്തിയതു വലിയ വിവാദമായിരുന്നു. ഗോത്രജീവിതത്തില്‍ നിന്നു പറിച്ചെടുക്കപ്പെട്ട് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുകയായിരുന്ന അനേകം വിദ്യാര്‍ത്ഥികള്‍ പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനാതെ മരിച്ചു പോയെന്നാണു കരുതുന്നത്.

ഇതു സംബന്ധിച്ച മുറിവുകളുണക്കാനും അനുരഞ്ജനം സാദ്ധ്യമാക്കാനും കത്തോലിക്കാസഭ പ്രതി ജ്ഞാബദ്ധമാണെന്നു മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ബിഷപ് റെയ്മണ്ട് പോയ്‌സണ്‍ പ്രസ്താവിച്ചു. ആദിവാസിസമൂഹത്തിനൊപ്പം നടക്കാനും എളിമയോടെ അവരെ ശ്രവിക്കാനും റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ ദുരിതമനുഭവിച്ച കുട്ടികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കാനും ഇനി സ്വീകരിക്കേണ്ട നടപടികള്‍ വിവേചി ച്ചറിയാനും സഭ ആഗ്രഹിക്കുന്നുവെന്ന് ബിഷപ് പറഞ്ഞു.

1870 കളിലാണ് കാനഡായിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്. 1996 ലാണ് അവസാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനമവസാനിപ്പിച്ചത്. കുടുംബത്തോടും ഗോത്രസമൂഹത്തോടുമുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കുട്ടികളെ ഉള്‍ചേര്‍ക്കാനുള്ള പരിശ്രമങ്ങള്‍ ആ കുട്ടികളെ ദുരിതത്തിലേയ്ക്കു തള്ളിയിട്ടതായി പില്‍ക്കാലത്താണു ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞത്. ഈ സ്‌കൂളുകളില്‍ മൂന്നില്‍ രണ്ടും നടത്തിയിരുന്നത് കത്തോലിക്കാസഭയും സന്യാസസമൂഹങ്ങളുമായിരുന്നു. ബാക്കിയുള്ളവ പ്രൊട്ടസ്റ്റന്റ് സഭകളുടേതായിരുന്നു. നാലായിരത്തിനും ആറായിരത്തിനും ഇടയില്‍ കുട്ടികള്‍ ഈ സ്‌കൂളുകളില്‍ മരിച്ചിട്ടുണ്ടെന്നാണു കണക്ക്.

റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ പ്രശ്‌നത്തില്‍ മാര്‍പാപ്പ ഔപചാരികമായി മാപ്പു പറയുക, ഇതുമായി ബന്ധപ്പെട്ടു സഭയുടെ പക്കലുള്ള എല്ലാ രേഖകളും പുറത്തു വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ആദിവാസിനേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

പ്രധാനമായും മൂന്നു ഗോത്രസമൂഹങ്ങളുമായി കനേഡിയന്‍ സഭാനേതൃത്വം നടത്തി വരുന്ന സംഭാഷണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പ്രതിനിധി സംഘത്തിന്റെ വത്തിക്കാന്‍ സന്ദര്‍ശനം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org