
എല്ലാ മനുഷ്യരുടെയും അന്തസ്സിനെ ആദരിക്കുന്നതു പോലെയുള്ള ഏറ്റവും അടിസ്ഥാനപരമായ തത്വങ്ങള്‍ പാലിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കാന്‍ മതാധിഷ്ഠിത സംഘടനകള്‍ക്കു സാധിക്കണമെന്നു യു എന്നിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഗബ്രിയേലെ കാച്ചിയ പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു ചേര്‍ന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരെന്നു കണ്ടെത്തുന്ന കുഞ്ഞുങ്ങളെ ഉദരത്തില്‍ വച്ചു കൊല്ലുകയും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ പ്രഘോഷിക്കുകയും ഒരേ സമയത്തു ചെയ്യാനാവില്ല. വേശ്യാവൃത്തിയെയും പോര്‍ണോഗ്രഫിയെയും നിയമപരമായി അംഗീകരിച്ചുകൊണ്ട്, ലൈംഗിക-മനുഷ്യക്കടത്തിനെതിരെ പോരാടാനാകില്ല. കാരുണ്യവധത്തെ അംഗീകരിച്ചുകൊണ്ട്, വയോധികരുടെ സംരക്ഷണത്തിനായി വാദിക്കാനാകില്ല – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.