ബാലദിനാഘോഷത്തിന് റോബെര്‍ട്ടോ ബെനീഞ്ഞിയെത്തും

ബാലദിനാഘോഷത്തിന് റോബെര്‍ട്ടോ ബെനീഞ്ഞിയെത്തും

വത്തിക്കാനില്‍ മെയ് 25 ന് നടക്കുന്ന ലോക ബാലദിനാഘോഷത്തില്‍ സുപ്രസിദ്ധ ഇറ്റാലിയന്‍ സിനിമ താരം റോബര്‍ട്ടോ ബെനീഞ്ഞി പങ്കെടുക്കും. കുട്ടികളും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളും തമ്മിലുള്ള ഒരു ഫുട്‌ബോള്‍ മത്സരത്തോടെ ആകും ബാലദിനാഘോഷങ്ങള്‍ ആരംഭിക്കുക. താരങ്ങളുടെ ടീമിന് നേതൃത്വം നല്‍കുന്നത് മുന്‍ ഇറ്റാലിയന്‍ താരം ജിയാന്‍ ലൂയിജി ബുഫണ്‍ ആയിരിക്കും. 2006-ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഗോളിയാണ് അദ്ദേഹം. രണ്ടാം ദിനമായിരിക്കും റോബര്‍ട്ടോ ബെനിഞ്ഞി കുട്ടികളോട് സംസാരിക്കുക. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ താരമാണ് ബെനീഞ്ഞി.

100 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ആഘോഷങ്ങള്‍ക്കായി വത്തിക്കാനില്‍ എത്തുമെന്നാണ് കരുതുന്നത്. ആഗോള യുവജന ദിനാഘോഷത്തിന്റെ മാതൃകയില്‍ കുട്ടികള്‍ക്കുവേണ്ടിയും ഒരു ദിനാഘോഷം നടത്തണമെന്ന് 9 വയസ്സുള്ള അലെസാന്ദ്രോ എന്ന ബാലനാണ് കഴിഞ്ഞവര്‍ഷം മാര്‍പാപ്പയോട് നിര്‍ദേശിച്ചത്. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കഴിഞ്ഞ ഡിസംബറില്‍ ആഗോള ബാലദിനാഘോഷം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങളുടെ കണ്ണുകളിലൂടെ ലോകത്തെ കാണാനുള്ള സഭയുടെ ഒരു ശ്രമമാണ് ഈ ആഘോഷമെന്ന് മുഖ്യ സംഘാടകനായ ഫ്രാന്‍സിസ്‌കന്‍ ഫാ. എന്‍സോ ഫോര്‍ത്തുന്നാത്തോ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org