
സുപ്രസിദ്ധ ഇറ്റാലിയന്‍ നടനും ഹാസ്യതാരവുമായ റോബെര്‍ട്ടോ ബെനിഞ്ഞി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ പ്രധാന നടനും സംവിധായകനുമാണ് ബെനിഞ്ഞി. ഈ സിനിമ ലോകമെങ്ങും ബെനിഞ്ഞിയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. വി.ഫ്രാന്‍സിസ് അസീസിയുടെ കവിതയായ സൂര്യകീര്‍ത്തനത്തെ ആസ്പദമാക്കിയുള്ള ഒരു പരിപാടിയുടെ അവതാരകനായി പ്രവര്‍ത്തിക്കുകയാണ് ബെനിഞ്ഞി ഇപ്പോള്‍. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം മാര്‍പാപ്പയോടു പങ്കുവച്ചു. പരിപാടിയുടെ ഡിവിഡിയും അദ്ദേഹം മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. പാപ്പായെ ആലിംഗനം ചെയ്ത ബെനിഞ്ഞി, പാപ്പാ 'പ്രകാശം പ്രസരിപ്പിക്കുന്നുണ്ട്' എന്നു പൊട്ടിച്ചിരിയോടെ പറഞ്ഞു. അതിശയോക്തി വേണ്ട എന്ന പാപ്പായുടെ വാക്കുകളോട്, 'വേണം, അത്രയും സന്തോഷമുണ്ട് ഇവിടെ വന്നതില്‍' എന്നായിരുന്നു ബെനിഞ്ഞിയുടെ മറുപടി.