ജര്‍മ്മന്‍ വനിതയ്ക്കു റാറ്റ്‌സിംഗര്‍ സമ്മാനം

ജര്‍മ്മന്‍ വനിതയ്ക്കു റാറ്റ്‌സിംഗര്‍ സമ്മാനം

ജോസഫ് റാറ്റ്‌സിംഗര്‍-ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റാറ്റ്‌സിംഗര്‍ സമ്മാനത്തിന് ഈ വര്‍ഷം രണ്ടു പേരെ തിരഞ്ഞെടുത്തു. ജര്‍മ്മനിയില്‍ നിന്നുള്ള തത്വചിന്തകയായ ഹന്ന ബാര്‍ബര ഫാള്‍കോവിസ് ആണ് ഒരാള്‍. ജര്‍മ്മന്‍കാരന്‍ തന്നെയായ ലുഡ്ഗര്‍ ഷോണ്‍ബെര്‍ഗര്‍ എന്ന പഴയനിയമപണ്ഡിതനും ഇവരോടൊപ്പം അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 13 നു വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ വച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ അവാര്‍ഡ് സമ്മാനിക്കും.
ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രചിന്തകളുടെ വെളിച്ചത്തില്‍ ദൈവശാസ്ത്രത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്ന പണ്ഡിതരെ ആദരിക്കുന്നതിനായി 2011 ലാണ് റാറ്റ്‌സിംഗര്‍ സമ്മാനം സ്ഥാപിക്കപ്പെട്ടത്.
76 കാരിയായ ഫാള്‍കോവിസ് ജര്‍മ്മന്‍ തത്വചിന്തകയായ ഈഡിത് സ്റ്റെയിനിന്റെ ചിന്താലോകത്തെ കുറിച്ചു പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഡ്രെസ്‌ഡെന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു. ഇപ്പോള്‍ ഓസ്ട്രിയായിലെ ബെനഡിക്ട് പതിനാറാമന്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി ജോലി ചെയ്യുന്നു. 64 കാരനായ ഷോണ്‍ബെര്‍ഗര്‍ ജര്‍മ്മനിയിലെ പസ്സാവു യൂണിവേഴ്‌സിറ്റിയില്‍ ദീര്‍ഘകാലം പഴയനിയമവും ഹീബ്രൂ ഭാഷയും പഠിപ്പിച്ചു. ഇപ്പോള്‍ വിയെന്നായിലെ പഴയ നിയമ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.
മാര്‍പാപ്പ നിയമിക്കുന്ന നാലു കാര്‍ഡിനല്‍മാര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റാറ്റ്‌സിംഗര്‍ സമ്മാനജേതാക്കളെ നിശ്ചയിക്കുന്നത്. മാര്‍പാപ്പയുടെ അംഗീകാരത്തോടെയാണ് അവാര്‍ഡുകള്‍ അന്തിമമായി പ്രഖ്യാപിക്കപ്പെടുക. കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയായിലും ഫ്രാന്‍സിലും നിന്നുള്ള രണ്ടു പേരായിരുന്നു റാറ്റ്‌സിംഗര്‍ സമ്മാനജേതാക്കള്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org