ദാരിദ്ര്യനിര്‍മ്മാര്‍ജനമാണ് ഏറ്റവും വലിയ ആഗോള ലക്ഷ്യമെന്നും സുസ്ഥിര പുരോഗതിക്ക് അത് അനിവാര്യമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 2015 അന്താരാഷ്ട്ര സമൂഹം ഇതൊരു സുപ്രധാന ലക്ഷ്യമായി മുന്നോട്ടു വച്ച് 9 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്തില്‍ 9 ശതമാനം ആളുകള്‍ കടുത്ത പട്ടിണിയിലാണ് കഴിയുന്നതെന്ന് ഐക്യ രാഷ്ട്രസഭയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചു ബിഷപ്പ് ഗബ്രിയേലെ കാച്ച ചൂണ്ടിക്കാട്ടി.
കൂടുതല്‍ നീതിയും സമത്വവുമുള്ള ഒരു ലോകത്തിന്റെ നിര്‍മ്മിതിയുടെ അടിസ്ഥാനമാണ് ദാരിദ്ര്യനിര്‍മ്മാര്‍ജനം എന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു.
കാര്‍ഷികമേഖലയുടെ വികസനം, ഭക്ഷ്യസുരക്ഷ എന്നിവയും സുപ്രധാനമാണെന്ന്, ഒക്‌ടോബര്‍ 18 ന് ഐക്യരാഷ്ട്ര സഭയുടെ എഴുപത്തൊമ്പതാമത് പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് വത്തിക്കാന്‍ പ്രതിനിധി വ്യക്തമാക്കി.
കാര്‍ഷികമേഖലയിലെ വളര്‍ച്ചയ്ക്കുള്ള മാര്‍ഗങ്ങള്‍ എല്ലാവര്‍ക്കും പങ്കുവയ്ക്ക പ്പെടേണ്ടതാണ്. സ്ത്രീകളും യുവജനങ്ങളും ഉള്‍പ്പെടുന്ന പല കര്‍ഷക കുടുംബങ്ങള്‍ക്കും കാര്‍ഷികമേഖലയിലുള്ള പുതിയ അറിവുകളും സാമ്പത്തിക സഹായവും ലഭ്യമാകുന്നില്ല.
ദാരിദ്ര്യത്തിന്റെയും സാമൂഹിക തിരസ്‌കരണങ്ങളുടെയും ഫലമാണ് ഇത്. മനുഷ്യവംശ ത്തിനു മുഴുവന്‍ ആവശ്യത്തി നുള്ള ഭക്ഷണം ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുമ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണിയിലും പോഷകാഹാര ദൗര്‍ലഭ്യത്തിലും കഴിയേണ്ടി വരുന്നത് വിരോധാഭാസമാണ്.
ഭക്ഷണം, അത് ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുക പ്രധാനമാണ്. ഭക്ഷ്യസുരക്ഷയും തുല്യതയും സുസ്ഥിരതയും ഉണ്ടാകണം. എല്ലാവരുടെയും വിശേഷിച്ച്, ബലഹീനരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം.
പട്ടിണിയും ദാരിദ്ര്യവും അവസാനിപ്പിക്കാനായി ഏവരെയും ഉള്‍ക്കൊള്ളുന്ന ഒരു വ്യവസ്ഥിതി വളര്‍ത്തിയെടുക്കണം ഇതില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം - വത്തിക്കാന്‍ പ്രതിനിധി വിശദീകരിച്ചു.