
ക്രിസ്തുവിന്റെ പീഢാസഹനത്തെ കുറിച്ചുള്ള പ്രസിദ്ധമായ 'പാഷന് ഓഫ് ക്രൈസ്റ്റ്' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് വാര്‍ത്ത. മെല്‍ ഗിബ്സണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ദ പാഷന് ഓഫ് ക്രൈസ്റ്റ്: റിസറക്ഷന്' എന്നായിരിക്കും. ക്രിസ്തുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും ഇടയിലുള്ള മൂന്നു ദിവസത്തെ സംഭവവികാസങ്ങളായിരിക്കും സിനിമ പറയുക. രണ്ടാം ഭാഗത്തിനുവേണ്ടിയുള്ള ജോലികള്‍ തുടങ്ങിയതായി 2016 ല്‍ മെല്‍ ഗിബ്സണ് പറഞ്ഞിരുന്നു.
ജിം കാവീസല്‍ തന്നെയായിരിക്കും ക്രിസ്തുവിനെ അവതരിപ്പിക്കുക. മരിയ മോര്‍ഗെന്‍സ്റ്റേണ്‍ പ.മറിയമായും ക്രിസ്റ്റോ ജിവ്കോവ് യോഹന്നാനായും ഫ്രാന്‍സെസ്കോ ഡി വിറ്റോ പത്രോസായും വീണ്ടും വേഷമിടും. സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിനിമകളിലൊന്നായിരിക്കും പാഷന് ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമെന്നു കാവീസല്‍ 2020 ല്‍ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
2004 ല്‍ പുറത്തിറങ്ങിയ പാഷന് ഓഫ് ക്രൈസ്റ്റ് ഏറ്റവും വലിയ വിജയസിനിമകളിലൊന്നായിരുന്നു. 3 കോടി ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിച്ച സിനിമ ലോകമെങ്ങും നിന്ന് 61 കോടി ഡോളറാണ് തിരിച്ചു പിടിച്ചത്. മൂന്ന് ഓസ്കാര്‍ നാമനിര്‍ദേശങ്ങളും ലഭിച്ചു.