മാര്‍ച്ചിലെ പ്രാര്‍ത്ഥന സമകാലീന രക്തസാക്ഷികള്‍ക്കുവേണ്ടി

മാര്‍ച്ചിലെ പ്രാര്‍ത്ഥന സമകാലീന രക്തസാക്ഷികള്‍ക്കുവേണ്ടി
Published on

മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നത് ഇക്കാലത്ത് രക്തസാക്ഷികളാകുന്നവര്‍ക്കും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവര്‍ക്കുംവേണ്ടി. ഈ പ്രാര്‍ത്ഥന നിയോഗം അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ, ലെസ്‌ബോസിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ചു. അവിടെയുണ്ടായിരുന്ന ഒരു മുസ്ലീം അഭയാര്‍ഥി പാപ്പയോടു തന്റെ ജീവിതാനുഭവം പങ്കുവയ്ക്കുകയായിരുന്നു. അയാള്‍ ഒരു മുസ്ലീമും ഭാര്യ ക്രിസ്ത്യാനിയും ആയിരുന്നു. ഭീകരവാദികള്‍ വരികയും അവരോട് മതവിശ്വാസത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഭാര്യ ക്രിസ്ത്യാനി ആണെന്നറിഞ്ഞപ്പോള്‍ ക്രൂശിതരൂപം കൊടുത്തിട്ട് അത് നിലത്തിട്ട് ചവിട്ടാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച ഭാര്യയെ അവര്‍ അയാളുടെ മുമ്പില്‍ വച്ച് തന്നെ കഴുത്തറുത്തുകൊന്നു.

നമ്മുടെ ഇടയില്‍ എല്ലാകാലത്തും രക്തസാക്ഷികള്‍ ഉണ്ടാകുമെന്ന് മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ശരിയായ പാതയിലാണ് എന്നതിന് തെളിവാണത്. ക്രിസ്തുമതത്തിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ രക്തസാക്ഷികള്‍ ഇന്നുണ്ട് എന്ന് അറിവുള്ളവര്‍ പറയുന്നു. രക്തസാക്ഷികളുടെ ധീരതയും സാക്ഷ്യവും നമുക്കെല്ലാവര്‍ക്കും ഒരു അനുഗ്രഹമാണ് - മാര്‍പാപ്പ വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷത്തിനുവേണ്ടി സ്വജീവന്‍ അപകടപ്പെടുത്തുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org