ജനങ്ങള്‍ ദുരിതമനുഭവിക്കുകയും മരിച്ചു വീഴുകയും ചെയ്യുന്ന വിശുദ്ധ നാട്ടിലെ സഭകളെ സഹായിക്കണമെന്ന് വത്തിക്കാന്‍ പൗരസ്ത്യസഭാ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ കഌവുദിയോ ഗുജെറോത്തി അഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ഷവും ദുഃഖവെള്ളിയാഴ്ച കത്തോലിക്കാ ദേവാലയങ്ങളില്‍ ലഭിക്കുന്ന നേര്‍ച്ച വിശുദ്ധ നാടിനു വേണ്ടിയാണ് നീക്കിവെക്കുക പതിവ്. കഴിഞ്ഞവര്‍ഷം ഈ ഇനത്തില്‍ 60 കോടിയോളം രൂപ ലഭിച്ചുവെന്ന് പൗരസ്ത്യകാര്യാലയം അറിയിച്ചു. ആഗോളസഭ വിശുദ്ധ നാടിനു നല്‍കുന്ന ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ ഈ പണം ജെറുസലേം, പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദാന്‍, സൈപ്രസ്, സിറിയന്‍, ഈജിപ്ത്, എത്യോപ്യ, എരിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലെ അജപാലന, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്.