പാരീസ് - ജെറുസലേം പദയാത്രയുമായി യുവാക്കള്‍

പാരീസ് - ജെറുസലേം പദയാത്രയുമായി യുവാക്കള്‍

2023 സെപ്റ്റംബര്‍ 17 നാണ് സഹോദരിമാരായ മദലിനും മേരി ലിസയും പാരീസില്‍ നിന്ന് ജെറുസലേം ലക്ഷ്യമാക്കി കാല്‍നടയായി യാത്ര പുറപ്പെട്ടത്. 19 ഉം 22 ഉം വയസ്സുണ്ടായിരുന്ന ഇരുവരും കത്തോലിക്ക കുടുംബത്തില്‍ ജനിച്ചുവളര്‍ന്നവരാണ്. ദൈവത്തെ തേടാനും വിശ്വാസം ആഴപ്പെടുത്താനുമാണ് ജെറുസലേമിലേക്ക് കാല്‍നടയായി പോകാന്‍ നിശ്ചയിച്ചതെന്ന് സഹോദരിമാര്‍ പറയുന്നു.

രണ്ടു മാസങ്ങള്‍ക്കുശേഷം നവംബറിലാണ് 24 കാരനായ ലൂയിസ് പാരിസില്‍ നിന്ന് ജെറുസലേമിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. മൂവരും കണ്ടുമുട്ടി പിന്നീട് തുര്‍ക്കി കഴിയുന്നതുവരെ ഒരുമിച്ച് യാത്ര ചെയ്യുകയും അവിടെവച്ച് പിരിയുകയും വീണ്ടും ജെറുസലേമില്‍ ഒന്നിക്കുകയും ചെയ്തു. തുര്‍ക്കിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു സഹയാത്രികന്‍ വേണമെന്ന് സഹോദരിമാര്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ലൂയിസിനെ കണ്ടുമുട്ടിയതും തുര്‍ക്കിയിലൂടെയുള്ള യാത്രയില്‍ അദ്ദേഹത്തെ കൂടെ ചേര്‍ത്തതും.

4500 കിലോമീറ്ററാണ് നടന്നതെന്ന് ലൂയിസ് വെളിപ്പെടുത്തി. ആകെ 189 ദിവസങ്ങള്‍ നടന്നു. സഹോദരിമാര്‍ ഒരു ബ്ലോഗ് തുടങ്ങുകയും അവരുടെ അനുദിന യാത്രാവിവരങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആയി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇരുവരും കുറച്ചു വസ്ത്രങ്ങള്‍ അല്ലാതെ മറ്റൊന്നും എടുത്തിരുന്നില്ല ഭക്ഷണമോ പണമോ ഉണ്ടായിരുന്നില്ല. ആളുകളെ സമീപിച്ച് താമസസൗകര്യവും ഭക്ഷണവും ഭിക്ഷയായി വാങ്ങിയാണ് ഓരോ ദിവസവും അവര്‍ ജീവിച്ചത്.

ജെറുസലേമില്‍ യുദ്ധം ആരംഭിച്ചു എന്ന വാര്‍ത്തയ്ക്കുശേഷം യാത്ര തുടരണോ വേണ്ടയോ എന്ന തീരുമാനം എടുക്കലായിരുന്നു യാത്രയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നു യാത്രികര്‍ പറഞ്ഞു. പക്ഷേ യാത്ര തുടരാന്‍ തന്നെയായിരുന്നു തീരുമാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org