
വത്തിക്കാന്‍ പൗരസ്ത്യകാര്യാലയത്തിന്റെ പുതിയ അദ്ധ്യക്ഷനായി നിയമിതനായിരിക്കുന്ന ആര്‍ച്ചുബിഷപ് ക്ലൗദിയോ ഗുജെറോത്തി, ഭൂകമ്പം നാശം വിതച്ച സിറിയയിലെയും തുര്‍ക്കിയിലെയും കത്തോലിക്കരെ സന്ദര്‍ശിക്കാനായി പോകുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മെത്രാന്മാരെയും കാരിത്താസ് പ്രവര്‍ത്തകരെയും മറ്റു സന്നദ്ധസംഘടനാപ്രവര്‍ത്തകരെയും കാണുന്നതിനും മാര്‍പാപ്പയുടെ കരുതല്‍ നേരിട്ടു പ്രകടിപ്പിക്കുന്നതിനുമാണ് പ്രതിനിധിയായി ആര്‍ച്ചുബിഷപ് തുര്‍ക്കിയിലേക്കു പോകുന്നതെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തുര്‍ക്കിയിലേക്കും .സിറിയയിലേക്കും മാര്‍പാപ്പയുടെ പ്രത്യേക സഹായങ്ങള്‍ ഇതിനകം അയച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കും വേണ്ടി മാര്‍പാപ്പ ലോകത്തോട് സഹായാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. വത്തിക്കാനിലേക്കു നിയമിതനായ പുതിയ തുര്‍ക്കി സ്ഥാനപതിക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിക്കുകയും തന്റെ സന്ദേശം സ്വന്തം കൈപ്പടയിലെഴുതി നല്‍കുകയും ചെയ്തു.
ഫെബ്രുവരി 6 ന് ഉണ്ടായ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലും ഏകദേശം അര ലക്ഷത്തോളം മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 24 ലക്ഷം പേര്‍ ഭവനരഹിതരായി.
പ്രാദേശിക സഭാനേതാക്കള്‍ക്കു പുറമെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്, കാത്തലിക് റിലീഫ് സര്‍വീസസ്, കാരിത്താസ് സിറിയ, ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ് തുടങ്ങിയ സംഘടനകളുമായും ആര്‍ച്ചുബിഷപ് ഗുജെറോത്തി ചര്‍ച്ചകള്‍ നടത്തും. അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന പള്ളികളും മോസ്‌കുകളും അദ്ദേഹം സന്ദര്‍ശിക്കും.