പാപങ്ങളെക്കുറിച്ചു മുന്നറിയിപ്പിനു പ്രവാചകന്മാര്‍ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ

പാപങ്ങളെക്കുറിച്ചു മുന്നറിയിപ്പിനു പ്രവാചകന്മാര്‍ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

ജനങ്ങളെ അവരുടെ പാപങ്ങളെക്കുറിച്ചോര്‍മ്മിപ്പിക്കുന്നതിനും വഴി തെറ്റി പോകുന്നതിനെ കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിനും ഇന്നും പ്രവാചകന്മാര്‍ ആവശ്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ധാരാളം നന്മകള്‍ ചെയ്യുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്ത ദാവീദ് പാപം ചെയ്യാനിടയായത് എങ്ങനെയാണ്? കോപം പോലെ നൈമിഷികമായ വികാരവിക്ഷോഭം കൊണ്ടുള്ള പാപത്തില്‍ വീഴാനുള്ള സാദ്ധ്യത എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ദാവീദ് പാപബോധം ഇല്ലാതെ പാപകരമായ ഒരവസ്ഥയിലേയ്ക്ക് സാവധാനത്തില്‍ വഴുതി വീഴുകയായിരുന്നു. ആധുനിക യുഗത്തിന്‍റെ തിന്മകളെ വിവരിക്കുമ്പോള്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ, പാപബോധം നഷ്ടപ്പെടുന്നവര്‍ എന്തും ചെയ്യാവുന്ന സ്ഥിതിയിലെത്തുമെന്നു പറഞ്ഞിരുന്നു. -ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു. താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചു സുവിശേഷ പ്രസംഗം നടത്തുകയായിരുന്നു മാര്‍പാപ്പ.

ഇന്നും അനേകം മനുഷ്യര്‍ ദാവീദിനെ പോലെയുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അവര്‍ നല്ല മനുഷ്യരായി കാണപ്പെടുന്നു. എല്ലാ ഞായറാഴ്ചയും ദിവ്യബലിക്കു പോകുന്നു. ക്രൈസ്തവരെന്നു സ്വയം വിശേഷിപ്പിക്കുന്നു. പക്ഷേ സ്വന്തം പാപങ്ങളെക്കുറിച്ച് അവര്‍ അജ്ഞരാണ്. പാപമില്ലാത്തവരെ പോലെ പെരുമാറുകയും ചെയ്യുന്നു. ഉദാഹരണത്തിനു ജോലിക്കാര്‍ക്ക് അര്‍ഹിക്കുന്ന കൂലി കൊടുക്കാത്തത് വളരെ സ്വാഭാവികമാണ് എന്നു കരുതുന്ന ആളുകളുണ്ട്. പാപത്തിന്‍റെ വഴുതുന്ന പാതയില്‍ പോയിക്കൊണ്ടിരിക്കുന്ന അവര്‍ക്ക് ആ പതനം നിറുത്താന്‍ ജീവിതത്തില്‍ ഒരു "അടി" വേണ്ടി വരുന്നു. അല്ലെങ്കില്‍ ദാവീദിനെ നേരെയാക്കാന്‍ ദൈവം നാഥാനെ അയച്ചതു പോലെ തെറ്റുകളെ ചൂണ്ടിക്കാട്ടാന്‍ പ്രവാചകരെ ആവശ്യമായി വരും. ഒരു സുഹൃത്തിന്‍റെയോ ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ മക്കളുടെയോ ശാസനകള്‍ ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ ഈ പ്രവാചകശബ്ദം കേള്‍ക്കാനാകും. ദാവീദിനെ പോലെ ഒരു വിശുദ്ധനു പോലും പാപത്തില്‍ വീഴാമെങ്കില്‍ നമ്മളെല്ലാം വളരെ ജാഗ്രതയോടെ ഇരിക്കേണ്ടതാണ്. ദൈവം നമ്മുടെ അടുത്തേയ്ക്കു പ്രവാചകരെ അയക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. അതു ചിലപ്പോള്‍ അയല്‍വാസിയുടെയോ മകന്‍റെയോ മകളുടെയോ മാതാവിന്‍റെയോ പിതാവിന്‍റെയോ രൂപത്തിലായിരിക്കാം -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org