പാപ്പായുടെ പ്രാമുഖ്യം: സഭൈക്യം ലക്ഷ്യമിട്ട് പുതിയ പഠനം

പാപ്പായുടെ പ്രാമുഖ്യം: സഭൈക്യം ലക്ഷ്യമിട്ട് പുതിയ പഠനം
Published on

ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ റോമാ മെത്രാന്റെ പങ്ക് സംബന്ധിച്ച 103 പേജുള്ള ഒരു പഠനം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു സഭകളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പഠനം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം പേപ്പല്‍ പ്രാമുഖ്യത്തെ സംബന്ധിച്ച് നടന്നിട്ടുള്ള സഭൈക്യ സംവാദങ്ങളുടെയാകെ അടിസ്ഥാനത്തിലുള്ളതാണ് പുതിയ പഠനം. സഭൈക്യ സംഭാഷണത്തില്‍ പേപ്പല്‍ പ്രാമുഖ്യവുമായി ബന്ധപ്പെട്ടു വരുന്ന ദൈവശാസ്ത്ര പ്രശ്‌നങ്ങള്‍ ഈ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു സഭയില്‍ പ്രാമുഖ്യം പ്രയോഗിക്കേണ്ട വിധങ്ങളെ സംബന്ധിച്ചും ചര്‍ച്ച നടത്തുന്നു.

കത്തോലിക്ക സഭയ്ക്കുള്ളില്‍ സിനഡാത്മകത വളരേണ്ടതുണ്ടെന്നും പൗരസ്ത്യ കത്തോലിക്ക സഭകളിലെ രീതികളും സിനഡല്‍ സംവിധാനങ്ങളും ലാറ്റിന്‍ സഭയെ പ്രചോദിപ്പിക്കേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ പ്രതിനിധികള്‍ക്കിടയില്‍, അഖിലലോക അടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ കൗണ്‍സില്‍ കൂട്ടായ്മയുടെ തലത്തില്‍ നടത്തേണ്ടതുണ്ട്. കത്തോലിക്ക, ഓര്‍ത്തഡോ ക്‌സ് സഭകള്‍ക്കിടയിലെ കൂട്ടായ്മ പുനസ്ഥാപിക്കുന്നതിനു സിനഡല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും സാര്‍വത്രിക പ്രാമുഖ്യത്തെ സംബന്ധിച്ച ഒരു നവീകൃത ധാരണ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളെ സംബന്ധിച്ച് കത്തോലിക്ക സഭയുടെ സിനഡാത്മകത പൂര്‍ണ്ണ ഐക്യത്തിനുള്ള ഒരു പ്രധാനപ്പെട്ട മാനദണ്ഡമാണെന്ന് അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ പ്രതിനിധി, പഠനം പുറത്തിറക്കുന്ന പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. റോമാ മെത്രാന്റെ അധികാരം ഐക്യത്തിന്റെ ശുശ്രൂഷ നിര്‍വഹിക്കുന്നതില്‍ മാത്രമായിരിക്കണം. തന്റെ അധികാരപ്രയോഗം സ്വമേധയാ പരിമിതപ്പെടുത്തണം. പാപ്പായുടെ അപ്രമാദിത്വവും അധികാര വിനിയോഗവും സംബന്ധിച്ച ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളെ നവീകരിക്കുകയും പുനര്‍ വ്യാഖ്യാനിക്കുകയും പുതിയ വാക്കുകളില്‍ എഴുതുകയും വേണമെന്ന് ക്രൈസ്തവൈക്യകാര്യാലയും മുന്നോട്ടു വച്ച നിര്‍ദേശം ഈ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org