
നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് മാര്‍പാപ്പയുടെ വീഡിയോ ദൃശ്യങ്ങള്‍ സൃഷ്ടിച്ചു വ്യാപകമായി പ്രചരിപ്പിക്കുന്നത് സഭാനേതൃത്വത്തിന് തലവേദനയാകുന്നു. ചാര്‍ലി കിര്‍ക്ക്, ഡൊണാള്‍ഡ് ട്രംപ് എന്നിങ്ങനെ ഉള്ള വ്യക്തികളെക്കുറിച്ചും മൃതസംസ്‌കാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും മാര്‍പാപ്പ സാമാന്യം ദീര്‍ഘമായി അഭിപ്രായങ്ങള്‍ പറയുന്ന തരത്തിലുള്ള വീഡിയോകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പാപ്പ വീഴുന്നതും മറ്റുമായ വീഡിയോകളും പ്രചരിക്കുന്നു.
നൂറുകണക്കിന് അക്കൗണ്ടുകളെ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചതിന് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം അറിയിച്ചു. പക്ഷേ പുതിയ അക്കൗണ്ടുകളും വീഡിയോകളും ചിത്രങ്ങളും വീണ്ടും പ്രചരിക്കുന്നു. ചില വീഡിയോകളില്‍ മാര്‍പാപ്പയുടെ ശബ്ദം തന്നെ ഉപയോഗിക്കുന്നു. മറ്റുള്ളവയില്‍ പരിഭാഷകരുടെ ശബ്ദത്തിലാണ് വീഡിയോകള്‍. പാപ്പ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു എന്ന് വരുത്തുന്നവയാണ് വീഡിയോകള്‍.
യൂട്യൂബില്‍ പോപ്പ് ലിയോ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇത്തരത്തിലുള്ള ധാരാളം വീഡിയോകള്‍ ഇപ്പോള്‍ ലഭ്യമാണ്. പുതിയ പാപ്പാ രാജി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ അവയിലുണ്ട്. ഭൂരിപക്ഷം വീഡിയോകള്‍ക്കും കാര്യമായ കാഴ്ചക്കാര്‍ ഇല്ല. പക്ഷേ ചിലത് വൈറല്‍ ആവുകയും ചെയ്തിട്ടുണ്ട്. ചാര്‍ലി കിര്‍ക്കിന്റെ കൊലപാതക വിഷയത്തില്‍ മാര്‍പാപ്പ മൗനം വെടിഞ്ഞു എന്ന് അവകാശപ്പെട്ടുകൊണ്ട് നിര്‍മ്മിച്ച 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വ്യാജ വീഡിയോ ആദ്യത്തെ ഏഴു ദിവസത്തിനുള്ളില്‍ നാലരലക്ഷം വ്യൂസ് നേടി.
2022 ല്‍ ഒരു അട്ടിമറിയിലൂടെ ബുര്‍ക്കിനോഫാസോയില്‍ അധികാരത്തില്‍ വന്ന സൈനിക ഭരണാധികാരി ഇബ്രാഹിം ട്രാവൂറിനെ പ്രകീര്‍ത്തിച്ചുകൊണ്ട് മാര്‍പാപ്പ സംസാരിക്കുന്നതായി നിര്‍മ്മിച്ച ഒരു വീഡിയോ ആണ് ലിയോ പതിനാലാമന്‍ പാപ്പായുടെ പേരില്‍ ആദ്യം പുറത്തുവന്ന വ്യാജ വീഡിയോ. 36 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പത്തുലക്ഷത്തിലധികം വ്യൂസ് നേടി. പിന്നീട് യൂട്യൂബ് ഇത് ഒഴിവാക്കി. പാപ്പായുടെ വ്യാജ വീഡിയോകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം ആവശ്യപ്പെടുന്നു.