
വൈദികപരിശീലനം സുവിശേഷവത്കരണത്തിന്റെ ഹൃദയമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. കര്‍ത്താവിന്റെ അജഗണത്തിനു നടുവില്‍ അവിടുത്തെ കൗദാശികസാന്നിദ്ധ്യമായി നിലകൊള്ളുകയും ദൈവവചനം കൊണ്ടും കൂദാശകള്‍ കൊണ്ടും അജഗണത്തെ പോഷിപ്പിക്കുകയും ചെയ്യേണ്ട പുരോഹിതരുടെ നിലവാരമുള്ള പരിശീലനം മര്‍മ്മപ്രധാനമാണ്. - ലാറ്റിനമേരിക്കയിലെ സെമിനാരി റെക്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടു മാര്‍പാപ്പ പറഞ്ഞു.
പൗരോഹിത്യത്തിലേയ്ക്കുള്ള ദൈവവിളി സഭയ്ക്കും ലോകത്തിനുമുള്ള ദൈവത്തിന്റെ സമ്മാനമാണ്. - പാപ്പാ തുടര്‍ന്നു. സ്വയം വിശുദ്ധീകരിക്കാനും മറ്റുളളവരെ വിശുദ്ധീകരിക്കാനും ഉള്ള മാര്‍ഗമാണത്. സെമിനാരികള്‍ ശരിയായ ക്രൈസ്തവസമൂഹങ്ങളായിരിക്കണം. അതിന് സെമിനാരികള്‍ ആവശ്യമായത്ര എണ്ണം സെമിനാരി വിദ്യാര്‍ത്ഥികളും പരിശീലകരും ഉണ്ടായിരിക്കണം. ദൈവവിളികള്‍ കുറയുന്നിടത്ത് സെമിനാരികള്‍ സംയോജിപ്പിക്കാന്‍ തയ്യാറാകണം - പാപ്പാ വിശദീകരിച്ചു.