
ഹെയ്തിയില്‍ വൈദികനെ തട്ടിക്കൊണ്ടു പോകുകയും ബന്ദിയാക്കിയവര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ക്ലരീഷ്യന്‍ മിഷണറി വൈദികനായ ഫാ. അന്റോയിന്‍ മക്കെയര്‍ നോഹ് ആണ് അക്രമത്തിനിരയായിരിക്കുന്നത്. കാമറൂണ്‍ സ്വദേശിയായ ഫാ. നോഹ് ഒരു വര്‍ഷമായി ഹെയ്തിയില്‍ ഇടവകവികാരിയായി സേവനം ചെയ്തു വരികയായിരുന്നു.
സായുധസംഘങ്ങള്‍ ഹെയ്തിയില്‍ അഴിഞ്ഞാടുകയാണെന്നും കത്തോലിക്കാ സ്‌കൂളുകളും ആശുപത്രികളും ആക്രമിക്കുന്നത് അവര്‍ പതിവാക്കിയിരിക്കുകയാണെന്നും ഫാ. അന്റോണിയോ മെനെഗണ്‍ പറഞ്ഞു. അക്രമം രാജ്യത്തു പടരുകയാണെന്നും അരക്ഷിതത്വവും ഭീതിയും വിശപ്പും നിരാശയും ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021 ജൂലൈയില്‍ ഹെയ്തിയുടെ പ്രസിഡന്റ് കൊല്ലപ്പെട്ടു. അതിനു ശേഷം തിരഞ്ഞെടുപ്പു നടത്തിയിട്ടില്ല. അധികാരം പിടിക്കാനുള്ള അക്രമങ്ങളും നടക്കുന്നുണ്ട്. 2021 ല്‍ വലിയ ഭൂകമ്പം ഉണ്ടായതോടെ ഹെയ്തിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് ഹെയ്തി.